കോട്ടയം: കാഞ്ഞിരപ്പള്ളി സീറ്റിനായി കോൺഗ്രസിനുള്ളിൽ ചരടുവലികൾ. നാല് പേരുകളാണ് പ്രധാനമായും കാഞ്ഞിരപ്പള്ളി സീറ്റിനായി ഉയർന്നുകേൾക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മനായി ഒരുവിഭാഗം രംഗത്തുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസിനെ ഇറക്കാനാണ് മറ്റൊരു വിഭാഗത്തിൻ്റെ അണിയറനീക്കം. നിലവിൽ യുഡിഎഫിന്റെ ജില്ലാ കൺവീനർ കൂടിയാണ് ഫിൽസൺ മാത്യൂസ്.
അതേസമയം, ജിജി അഞ്ചാനിയെ മത്സരിപ്പിക്കണം എന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം. ആന്‍ സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന് കെഎസ്‌യു സംസ്ഥാന നേതൃത്വവും ആവശ്യപ്പെടുന്നുണ്ട്. അതിനിടെ മറിയ ഉമ്മൻ സഭാ മേലധ്യക്ഷന്മാരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും സന്ദർശിച്ചതും ചർച്ചയാകുകയാണ്.
മറിയ ഉമ്മനെ പരിഗണിക്കണമെന്ന് കോട്ടയം ഡിസിസി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. സംസ്ഥാനത്തെ ചില പ്രധാന നേതാക്കൾക്കും മറിയ ഉമ്മനെ സ്ഥാനാർഥിയാക്കുന്നതിൽ യോജിപ്പുണ്ടെന്നാണ് സൂചന. എന്നാൽ ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർ മത്സരിക്കുന്നത് ഗുണകരമാകില്ലെന്നാണ് ഒരു വിഭാഗത്തിൻ്റെ വാദം.