തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കും പിണറായി വിജയനുമെതിരെ ഉയർത്തിയ ഡീൽ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം. നാളെ ഇൻഡ്യാ സഖ്യ യോഗം ചേരാനിരിക്കെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിലാണ് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി കടുത്ത വിയോജിപ്പ് അറിയിച്ചത്. ഡിഎംകെ ഇടഞ്ഞതിന് പിന്നാലെ സിപിഐഎമ്മും കോൺഗ്രസിനെതിരെ രംഗത്തുവന്നത് ഇൻഡ്യാ സഖ്യത്തിൽ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. യോഗത്തിൽ പങ്കെടുക്കണമോയെന്ന കാര്യത്തിൽ സിപിഐഎം അന്തിമ തീരുമാനം എടുത്തിട്ടില്ല.
കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ പ്രധാന പ്രചാരണ ആയുധം. പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ ധാരണ ഉണ്ടാക്കിയെന്നും കോൺഗ്രസ് ആരോപണം ഉന്നയിച്ചു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കളും ഇത് ഏറ്റെടുത്തു. രാഹുൽ ഗാന്ധി തുടർച്ചയായി പിണറായിക്കെതിരെ ഇ.ഡി നടപടിയും ആവശ്യപ്പെട്ടു. ഇതിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ആരോപണം മാത്രമായി കാണാൻ ആകില്ലെന്നും ആസൂത്രിതം തന്നെയെന്നുമാണ് എം.എ. ബേബി കത്തിൽ വിശേഷിപ്പിച്ചിരുന്നത്.
2023ൽ ഇൻഡ്യാ സഖ്യം രൂപീകരിച്ചത് മുതൽ അതിന്റെ വിജയത്തിനായി പ്രവർത്തിക്കുകയാണ് സിപിഐഎം. കോൺഗ്രസ് സ്വീകരിച്ച നിലപാട് ബിജെപിക്കെതിരെ രൂപപ്പെട്ട ഐക്യത്തിന്റെ അടിത്തറ ഇളക്കുന്നതും പ്രതിപക്ഷ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്നതുമാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം സഖ്യത്തിന്റെ പ്രസക്തി തന്നെ നഷ്ടമാകുമെന്നും കത്തിലുണ്ട്.
ഇൻഡ്യാ സഖ്യത്തിലെ മറ്റുകക്ഷികൾക്കും കത്തിന്റെ പകർപ്പ് കൈമാറി. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇൻഡ്യാ സഖ്യം ആദ്യമായി യോഗം ചേരുന്നത് നാളെയാണ്. തമിഴ്നാട്ടിൽ കോൺഗ്രസ് ടിവികെയുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് ഡിഎംകെ ഇന്ത്യ സഖ്യ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഐഎമ്മും കത്ത് നൽകിയത്.