
പേരാമ്പ്രയില്‍ പൊലീസ് ലാത്തിചാര്‍ജിനിടെ ഷാഫി പറമ്പില്‍ എം.പിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. ഷാഫിയ്‌ക്കെതിരായ പൊലീസ് അതിക്രമം കരുതിക്കൂട്ടിയാണെന്നും ശബരിമല സ്വര്‍ണപാളി വിവാദം മറയ്ക്കാനുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
ഷാഫിയുടേത് ഷോ ആണെന്ന ആരോപണവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. സിപിഐയും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കോളേജ് യൂണിയന്‍ ആഹ്ളാദ പ്രകടനത്തെ കലാപമാക്കി മാറ്റി. വടകര എംപിയും കോണ്‍ഗ്രസും രാഷ്ട്രീയ നാടകം അവസാനിപ്പിക്കണം എന്നും സിപിഐ പറഞ്ഞു.
പേരാമ്പ്ര സംഭവത്തില്‍ ഷാഫി പറമ്പില്‍ ഉള്‍പ്പെടയുളള യുഡിഎഫ് നേതാക്കള്‍ക്കെതിരെയും എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ മൂക്കിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഷാഫി പറമ്പിലെ കാണാന്‍ നിരവധി നേതാക്കളെത്തി.
ഇതിനിടെ ഷാഫിയെ മര്‍ദിച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഷാഫി പറമ്പിലിനെ മര്‍ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്പിയുടെ വാദത്തിന് പിന്നാലെയാണ് ഷാഫിയെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യം പുറത്ത് വന്നത്.
സംഭവത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധം നടന്നു. കോഴിക്കോട് ഐജി ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. കാസര്‍ഗോഡ് നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രിയങ്ക ഗാന്ധി ഷാഫിയെ വിളിച്ച് ആരോഗ്യ വിവരങ്ങള്‍ തിരക്കുകയും ചെയ്തു.
നിരവധി നേതാക്കള്‍ ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ചു. ഷാഫിയെ മര്‍ദ്ദിച്ച പൊലീസിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യുമെന്ന് ഷാഫിയെ സന്ദര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. പേരാമ്പ്ര സംഘര്‍ഷം ശബരിമല കൊളളയില്‍ നിന്നും രക്ഷപ്പെടാനുളള ശ്രമമെന്ന് കെസി വേണുഗോപാലിന്റെ പ്രതികരണം. രാജ് മോഹന്‍ ഉണ്ണിത്താന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ തുടങ്ങിയവര്‍ ഷാഫിയെ സന്ദര്‍ശിച്ചു.
സംഭവത്തില്‍ ഷാഫി പറമ്പില്‍, കോഴിക്കോട് ഡിസിസി പ്രസിഡണ്ട് എന്നിവര്‍ ഉള്‍പ്പടെ 700 യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഘര്‍ഷത്തിന്റെ ഭാഗമായി 500 എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു. ഉച്ചയ്ക് ശേഷം പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ സംഗമം നടക്കും. മൂക്കിന് പരിക്കേറ്റ് കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന ഷാഫിക്ക് വിദഗ്ധ ചികിത്സ നല്‍കി. ഡോക്ടര്‍മാര്‍ അഞ്ചു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചു.