കോഴിക്കോട്: പേരാമ്പ്രയിൽ നടന്നത് കോൺഗ്രസിൻ്റെ ഷോയെന്ന് സിപിഐഎം. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വിമർശനം. ആരോപണങ്ങളിൽ നിന്ന് രക്ഷപ്പടാനാണ് യുഡിഎഫ് അതിക്രമം നടത്തിയത്. പൊലീസ് ഷാഫിയെ ആക്രമിച്ചുവെന്നത് റീൽ കഥയാണെന്നും ജില്ലാ സെക്രട്ടറി എം. മെഹബൂബ് ലേഖനത്തിൽ പറഞ്ഞു.
"കോൺഗ്രസിൻ്റെ മുഖവും പ്രതിച്ഛായയുമെല്ലാം അങ്ങേയറ്റം മലീമസമായ സമയമാണിത്. നേതാക്കൾ ആരോപണങ്ങളിൽ പെട്ടതോടെ കോൺഗ്രസിൻ്റെ സാധാരണ പ്രവർത്തകർക്ക് അടക്കം തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ്. ഈ ദുരവസ്ഥയിലേക്ക് കോൺഗ്രസിനെ തള്ളിവിട്ടതിൽ പ്രധാനി ഷാഫി പറമ്പിലാണ്. ഇത് സമൂഹമാധ്യമങ്ങളിലടക്കം കോൺഗ്രസ് പ്രവർത്തകർ ചർച്ച ചെയ്യുന്നുണ്ട്. ഇത് മുഖം രക്ഷിക്കാനുള്ള കോൺഗ്രസിൻ്റെ ഗൂഢ തന്ത്രമാണ്," എന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറയുന്നു.
അതേസമയം, പൊലീസ് ലാത്തി ചാർജിനിടെ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ഇന്ന് സ്പീക്കർക്ക് പരാതി നൽകും. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാഫിയെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും. പൊലീസുകാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കടുത്ത പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുഡിഎഫ്.