തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ പരസ്യപ്രചാരണത്തിന് ഇറങ്ങുന്നതിനെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നത. പാർട്ടി ക്ഷണിച്ചിട്ടല്ല പ്രചാരണം എന്ന് ഒരു വിഭാഗം പറയുമ്പോൾ രാഹുലിന്റെ സാന്നിധ്യം ഗുണം ചെയ്യും എന്ന് പറയുന്ന കെ. സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കളുമുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തേണ്ട എന്നാണ് നേതൃത്വത്തിന്റെ തീരുമാനം.
രാഹുലിൻ്റെ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം പരിഗണയിലിരിക്കെയാണ് ന്യൂസ് മലയാളം നിർണായക സംഭാഷണം പുറത്തുവിട്ടത്. പുതിയ ആരോപണങ്ങൾ ഉയർന്നില്ലായിരുന്നുവെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രാഹുലിനെ പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം സജീവ പരിഗണനയിലുണ്ടായിരുന്നു എന്നാണ് സൂചന. എന്നാൽ ആരോപണമല്ലാതെ നിയമപരമായ പരാതിയോ നടപടികളോ വന്നാൽ രാഹുലിനെതിരെ കൂടുതൽ നടപടിയും നേതൃത്വം ചർച്ച ചെയ്തേക്കും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ വെള്ളപൂശി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. വിഷയത്തെ പറ്റി അന്വേഷിച്ചെന്നും രാഹുൽ നിരപരാധിയാണെന്നുമാണ് കെ. സുധാകരൻ്റെ പ്രസ്താവന. കോൺഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാൻ മടിയില്ലെന്നും കോൺഗ്രസിൽ രാഹുൽ സജീവമാകണമെന്നും കെ. സുധാകരൻ പറഞ്ഞു.