പത്തനംതിട്ട: സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിപതറിയ വാർഡുകളിലൊന്നാണ് പത്തനംതിട്ടയിലെ മുണ്ടപ്പള്ളി. ബലാത്സംഗ കേസില്‍ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാർഡാണ് ഇത്. യുഡിഎഫ് സിറ്റിങ് സീറ്റായിരുന്ന മുണ്ടപ്പള്ളി വാർഡില്‍ കോണ്‍ഗ്രസിന്‍റെ രജനി ആറിനെ പരാജയപ്പെടുത്തി സീറ്റ് പിടിച്ചെടുത്തത് 20കാരിയായ കാവ്യ വേണു ആണ്.
പത്തനംതിട്ട ജില്ലയില്‍ അടക്കം സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കി. പക്ഷേ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർഡിൽ എട്ട് നിലയിൽ പൊട്ടി. 507 വോട്ടുകളോടെ കോൺഗ്രസിന്റെ രജനി ആറിനെയാണ് എൽഡിഎഫ് സ്ഥാനാർഥി കാവ്യ വേണു പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇവിടെ മാങ്കൂട്ടത്തിൽ എഫക്ട് ഉണ്ടാകുമെന്ന് വോട്ടർമാർ ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.
പ്രമുഖന്റെ വാർഡിൽ ഇരുപതാം വയസിൽ മെമ്പർ ആയ സന്തോഷത്തിലാണ് സ്ഥാനാർത്ഥിയും പാർട്ടി പ്രവർത്തകരും. വ്യാജ ഐഡി കാർഡ്, പാലക്കാട് നീലപ്പെട്ടി, ഒടുക്കം വന്ന ലൈംഗികാരോപണ കേസിലും രാഹുലിന്‍റെ കൂടെയുണ്ടായിരുന്ന സന്തതസഹചാരി ഫെന്നി നൈനാനും അടൂര്‍ നഗരസഭയിലേക്ക് മത്സരിച്ച് തോറ്റു. ബിജെപി സീറ്റ് നിലനിര്‍ത്തിയ വാർഡില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഫെന്നി നൈനാന്‍. അതേസമയം, രാഹുലിന്റെ മറ്റൊരു സുഹൃത്തായ റെനോ പി. രാജൻ ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലില്‍ മികച്ച വിജയം നേടി.