പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്ഐ നേതാക്കൾ ആക്രമിച്ചെന്ന് പരാതി. വാണിയംകുളം പനയൂർ സ്വദേശി വിനേഷിനാണ് പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷ് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റിട്ടതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി വാണിയംകുളത്തിയിരുന്നു സംഭവം. ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു വിനേഷ്.
കേസിൽ രണ്ട് പേർ പിടിയിലായി. സുർജിത്, ഹാരിസ്, എന്നിവരാണ് പിടിയിലായത്. സുർജിത്ത് ഡിവൈഎഫ്ഐ കൂനത്തറ മേഖല സെക്രട്ടറിയും മുഹമ്മദ് ഹാരിസ് ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗവുമാണ്.
വിനേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. 48 മണിക്കൂർ നിരീക്ഷണത്തിലാണ്. ശരീരത്തിൽ നിരവധി പരുക്കുകളേറ്റിട്ടുണ്ട്. തലക്കേറ്റ പരുക്കുകൾ അതീവ ഗുരുതരമാണ്. യുവാവ് വെന്റിലേറ്ററിൽ തുടരുന്നു.
അതേസമയം, പനയൂരിൽ നിന്നും വാണിയംകുളത്ത് നിന്നും വിനേഷിനെ മർദിച്ചുവെന്ന് കുടുംബം ആരോപിച്ചു. ഓട്ടോയിൽ വീട്ടിൽ കൊണ്ട് വിട്ടു. ആരാണ് വീട്ടിൽ കൊണ്ട് വിട്ടതെന്ന് അറിയില്ല. അച്ഛൻ വാതിൽ തുറന്നപ്പോൾ സിപിഐഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് വിനേഷ് പറഞ്ഞതായും കുടുബം പറയുന്നു.