എറണാകുളം: വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയതിനെ തുടർന്ന് പൊള്ളലേറ്റ ദമ്പതികളുടെ നില ഗുരുതരം. വടുതല ഫ്രീഡം നഗര്‍ സ്വദേശികളായ ക്രിസ്റ്റഫറും, ഭാര്യ മേരിയുമാണ് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്റ്റഫറിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. തീ കൊളുത്തിയ അയൽവാസിയായ വില്യമിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
വെള്ളിയാഴ്ച രാത്രിയാണ് വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് സമീപം ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്നലെ രാത്രി 8 മണിയോടെ പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ക്രിസ്റ്റഫറിനെയും മേരിയെയും വില്യം വഴിയില്‍ തടഞ്ഞുനിര്‍ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. വീട്ടിലേക്കുള്ള ഇടവഴിയിൽ വെച്ചായിരുന്നു ആക്രമണം.
വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. ആക്രമണത്തിന് പിന്നാലെ വില്യം തൂങ്ങിമരിച്ചു. പൊള്ളലേറ്റ ക്രിസ്റ്റഫറും മേരിയും ആശുപത്രിയിലേക്ക് പോകാൻ വാഹനത്തിൽ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.
ഇരുവീട്ടുകാരും തമ്മിൽ തർക്കം നിലനിന്നിരുന്നെന്നാണ് റിപ്പോർട്ട്. വില്യമിൻ്റെ ശല്യം കാരണം ക്രിസ്റ്റഫർ വീട്ടിൽ സിസിടിവി സ്ഥാപിച്ചിരുന്നു. വില്യം ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്നാണ് നാട്ടുകാരും പൊലീസും പറയുന്നത്. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ്റെ മകൻ്റെ തല ചുറ്റിക കൊണ്ട് അടിച്ച് തകർത്തതിന് വില്യമിനെതിരെ നേരത്തെ കേസുണ്ട്. വില്യമിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.