എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎമ്മിനും നേതാക്കൾക്കും തിരിച്ചടി. പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്ന് കലൂർ പിഎംഎൽഎ കോടതി. സിപിഐഎം നേതാക്കളായ കെ. രാധാകൃഷ്ണൻ, എ.സി. മൊയ്തീൻ, എം.എം. വർഗീസ് അടക്കമുള്ള മുഴുവൻ പ്രതികൾക്കും സമൻസ് അയച്ച് കോടതി. അടുത്ത മാസം നാലിന് കോടതിയിൽ നേരിട്ട് ഹാജരാകണം. പ്രതി പട്ടികയിലെ 28 പേർക്കാണ് സമൻസ് അയച്ചത്.
അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്നും ഒരുതരം വേട്ടയാടലുകൾക്ക് മുന്നിലും സിപിഐഎം മുട്ടുമടക്കില്ലെന്നും സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രതികരിച്ചു. നിയമപരമായി മുന്നോട്ടുപോകുമെന്നും രാഷ്ട്രീയ പ്രേരിതമായ കേസാണിതെന്നും എ.സി. മൊയ്തീൻ പ്രതികരിച്ചു.
2011-12നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ നിക്ഷേപ തട്ടിപ്പ് പുറത്തുവന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കരുവന്നൂർ ബാങ്കിൽ നിന്നും മുഖ്യപ്രതിയും ബിസിനസ് പങ്കാളിയും ചേർന്ന് അനധികൃത വായ്പ തരപ്പെടുത്തി എന്നതായിരുന്നു കേസ്. നൂറ് കണക്കിന് ആളുകളാണ് കരുവന്നൂർ ബാങ്കിനെതിരെ രംഗത്തുവന്നിരുന്നത്.
ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. സിപിഐഎം നേതാക്കളായ ബാങ്ക് സെക്രട്ടറിയടക്കം ആറ് പേരെ പ്രതിയാക്കിയായിരുന്നു ആദ്യ കേസ്. സഹകരണ വകുപ്പിന്റെ രണ്ടാം അന്വേഷണത്തിൽ 100 കോടിയിലധികം രൂപയുടെ ക്രമക്കേടൊണെന്ന് കണ്ടെത്തിയിരുന്നു. 2022 ഓഗസ്റ്റ് 10നാണ് കേസിൽ ഇ.ഡി അന്വേഷണം ആരംഭിച്ചത്.