സംസ്ഥാന സർക്കാരിൻ്റെ 'ബഹുമാന' സർക്കുലറിൽ വിയോജിപ്പ് പരസ്യമാക്കി സിപിഐ. മന്ത്രിമാരെ 'ബഹുമാനപ്പെട്ട' എന്ന് ചേർത്ത് വിളിക്കുന്നതിൽ എതിർപ്പുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. കൊളോണിയൻ സിസ്റ്റത്തിന് എതിരെ നിലപാടെടുത്ത പുരോഗമന കേരളത്തിന് യോജിച്ച ഉത്തരവ് അല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ന്യൂസ് മലയാളത്തോട് പറഞ്ഞു.
സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി 'ബഹു.' എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു സർക്കുലർ. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് സർക്കുലർ പുറത്തിറക്കിയത്. എന്നാൽ കോടതി പോലും കൊളോണിയൽ രീതികൾ മാറ്റുന്ന കാലത്ത് ഇത്തരം സർക്കുലറുകളെ ആവശ്യകതയെ ബിനോയ് വിശ്വം ചോദ്യം ചെയ്തു. രാജ്യത്തെ പല ഹൈക്കോടതികളും 'യുവർ ലോർഡ്ഷിപ്പ്' പോലുള്ള കൊളോണിയൽ കാലഘട്ടത്തിലെ ബഹുമതികൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് 'ബഹു.' എന്ന് ചേർക്കണമെന്നാണ് സർക്കുലാറിൽ പറയുന്നത്. മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദേശം പാലിക്കണമെന്നും ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നു.
നേതാക്കൾ അവരുടെ സേവനത്തിലൂടെയാണ് ബഹുമാനം നേടേണ്ടതെന്നായിരുന്നു ഭരണഘടനാ ശിൽപ്പികൾ വിഭാവനം ചെയ്തത്. എന്നാൽ, പരാതികളിൽ പോലും ബഹുമാനം നിർബന്ധമാക്കുന്നതിലൂടെ സർക്കാർ പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഷ്കരണത്തിന് വിപരീതമായ നീക്കമാണെന്നും, പരാതികൾ പരിഹരിക്കുന്നതിന് പകരം മന്ത്രിമാരുടെ പദവിക്ക് പ്രാധാന്യം നൽകുന്നതാണെന്നും അവർ കുറ്റപ്പെടുത്തുന്നു.