

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച രേഖയിൽ നേതൃത്വത്തിന് നിശിത വിമർശനം. പൊതുയോഗങ്ങളില്‍ സംസാരിക്കുമ്പോഴും, മാധ്യമങ്ങളോട് ഇടപെടുമ്പോഴും നേതാക്കള്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നാണ് പ്രധാന വിമര്‍ശനം. നേതാക്കളുടെ പ്രവൃത്തികളും വാക്കുകളും റെക്കോഡ് ചെയ്യപ്പെടുമെന്നത് മറക്കുന്നു. പൊതുയോഗങ്ങളില്‍ സംസാരിക്കുന്നതിന്റെ ശൈലി മാറണം. നീണ്ടുപരന്ന പ്രസംഗങ്ങള്‍ കേള്‍വിക്കാരെ വെറുപ്പിക്കും. ലക്ഷ്യബോധവും രാഷ്ട്രീയ മൂർച്ചയും പ്രസംഗത്തിൽ ഉണ്ടാകണം. പ്രസംഗങ്ങളിൽ സമയ ദൈർഘ്യവും, ശൈലിയും ശ്രദ്ധിക്കണം. യോഗങ്ങളില്‍ അച്ചടക്കം ഉണ്ടാകണം. ചില നേതാക്കളുടെ ആഡംബര ജീവിതശൈലി ജനങ്ങൾക്കിടയിൽ അപകീർത്തിയുണ്ടാക്കി. ചില നേതാക്കള്‍ വരുമാനത്തിനനുസരിച്ച് അല്ല ജീവിക്കുന്നത്. സഹകരണ ബാങ്ക് ക്രമക്കേട് പോലുള്ളവ ജനങ്ങൾ അകലാൻ കാരണമായെന്നും പാര്‍ട്ടി രേഖയില്‍ വിമര്‍ശനമുണ്ട്.
രാഷ്ട്രീയവൽക്കരണത്തിൽ കുറവ് പരിഹരിക്കാൻ കേഡർമാർക്ക് പരിശീലനം നൽകണമെന്ന് രേഖ ആവശ്യപ്പെടുന്നു. ഇഎംഎസ് അക്കാദമിയിലും എകെജി പഠന ഗവേഷണ കേന്ദ്രത്തിലും സമയബന്ധിതമായി പരിശീലനം ഉറപ്പാക്കണം. രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ ശേഷിയുള്ള സഖാക്കളുടെ എണ്ണത്തിൽ കുറവുണ്ട്. ദൃശ്യ മാധ്യമങ്ങളുടെ ചർച്ചകളിലും സംവാദങ്ങളിലും ഫലപ്രദമായി ഇടപെടണം. ചില നേതാക്കൾ പാർട്ടി സെൻറർ നിർദേശിച്ചിട്ടും ടിവി ചർച്ചകളിൽ പങ്കെടുക്കാൻ വിമുഖത കാട്ടുന്നു. ടിവി ചർച്ചകളിൽ പങ്കെടുക്കാൻ പ്രാപ്തരായ യുവാക്കളുടെ സംഘത്തിന് പരിശീലനം നൽകണം. സമയബന്ധിതമായി ഉടനടി ഇതിന് പരിപാടി തയ്യാറാക്കും. പാർട്ടി നിശ്ചയിക്കുന്ന പാനലിൽ നിന്നുള്ളവർ ചർച്ചകളിൽ പങ്കെടുക്കണം.
പാർലമെൻററി അവസരവാദം പ്രവണതയാകുന്നു. പാർലമെൻററി വ്യതിയാനത്തിനെതിരെ പോരാട്ടം വേണം. പ്രവർത്തനശൈലി തിരുത്തുന്നതിന് അടിയന്തര നടപടി വേണം. പാർട്ടി അംഗങ്ങളുടെയും കേഡർമാരുടെയും നിസ്സംഗത ആശങ്കാജനകമാണ്. ഗൃഹസന്ദർശനം പോലെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച ചുമതലകൾ നടപ്പാക്കുന്നില്ല. പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ജില്ലാ -സംസ്ഥാന നേതൃത്വത്തിനും കഴിഞ്ഞില്ല. പാർട്ടി സംഘടനയുടെ അടിസ്ഥാന തത്വം ശരിയായ രീതിയിൽ പ്രയോഗിക്കാൻ ആകണം. അരാജകത്വപ്രവണത ഒഴിവാക്കി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടി സംഘടന കെട്ടിപ്പടുക്കണം. ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങൾ നടപ്പാക്കുന്നതിൽ ശ്രദ്ധിക്കണം എന്നിങ്ങനെയാണ് പാര്‍ട്ടി രേഖയില്‍ പറയുന്നത്.