
സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവരെ യുഎപിഎ ചുമത്തി കുടുക്കാന്‍ ശ്രമിച്ചെന്നും യുഎപിഎ ചുമത്തി ചെറുപ്പക്കാരെ കുടുക്കുന്നതാകരുത് എല്‍ഡിഎഫ് സര്‍ക്കാരെന്നും ബിനോയ് വിശ്വം പറഞ്ഞു. പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുസ്തകം ഇറക്കാന്‍ വേണ്ടി മാവോയിസ്റ്റ് നേതാവ് രൂപേഷിന് നിരാഹാരം കിടക്കേണ്ടി വരുന്നു. പുസ്തകം പ്രചരിപ്പിക്കാന്‍ തടവുകാര്‍ക്ക് അവകാശമുണ്ടെന്നു സുപ്രീംകോടതി വരെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പുസ്തകം ഇറക്കാന്‍ ആയില്ല.
സ്ഥിരമായി പൗരന്മാരെ തടങ്കലില്‍ ഇടുന്ന സംസ്ഥാനമായി മാറരുത് കേരളം. ഇത് അംഗീകരിക്കാന്‍ സിപിഐക്ക് ആവില്ല. യുഡിഎഫിനും ബിജെപിയ്ക്കും അങ്ങനെ ആകാന്‍ കഴിയും. ഇടതുപക്ഷ സര്‍ക്കാര്‍ അങ്ങനെ ആവാന്‍ പാടില്ലെന്നും വിമര്‍ശനം.
അതേസമയം സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നു എന്ന് സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം പോലെ. കാപ്പാ-പോക്‌സോ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുന്നുവെന്നും വിമര്‍ശനം. പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനം.
എഡിജിപി അജിത് കുമാറിനെ പോലെയുള്ളവര്‍ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുന്നു. ഇത് പിഎസ്സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കുന്നു. മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും വിമര്‍ശനം.