

നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി ജനയുഗത്തില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രസ്താവന, മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മികത ഇല്ലായ്മയുമായി മാത്രമേ കാണാന്‍ കഴിയൂ. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്ന ഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല. പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ല. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എല്‍ഡിഎഫ് എന്താണെന്നും ലേഖനം ചോദിക്കുന്നു. കൂട്ടായ നേതൃത്വമാണ് എല്‍ഡിഎഫിന്റെ അന്തഃസത്ത എന്ന പേരിലാണ് ലേഖനം.
ലേഖനത്തിന്റെ പൂര്‍ണരൂപം
പ്രതിപക്ഷ ഉപനേതാവ് വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസ്താവന മുന്നണി മര്യാദകളുടെ തികഞ്ഞ ലംഘനവും മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മ്മികത ഇല്ലായ്മയുമായി മാത്രമേ കാണാന്‍ കഴിയൂ. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയമായ പൊതുലക്ഷ്യത്തിനുവേണ്ടി രൂപീകരിക്കുന്ന സംവിധാനമാണ് മുന്നണി. താന്‍ തീരുമാനിക്കും; എല്ലാം താനാണ് എന്നഭാവം മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന് സഹായകരമല്ല, ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും യോജിച്ചതുമല്ല.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് എല്‍ഡിഎഫില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് സിപിഐ മുന്നോട്ടുവച്ചതാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം. സിപിഐയുടെ നിര്‍ദേശം വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് അതിനെയെല്ലാം മറികടന്ന് പ്രസ്താവന നടത്തിയത്. പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ പറഞ്ഞത് “ഉപനേതാവിനെ നിശ്ചയിച്ച് സ്പീക്കര്‍ക്ക് കത്തുകൊടുക്കേണ്ടത് ഞാനാണ്. അത് കൊടുത്താല്‍ ഉപനേതാവ് വരും. സിപിഐ(എം) നേതാവിന്റെ പേര് കൊടുക്കും”.
പ്രതിപക്ഷ ഉപനേതാവിന്റെ കാര്യം രാഷ്ട്രീയ വിഷയമാണ്. പ്രതിപക്ഷ നേതാവിന് സ്വന്തം നിലയില്‍ തീരുമാനിക്കാന്‍ കഴിയില്ല. സിപിഐ — സിപിഐ(എം) തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. രണ്ട് പാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങളുടെ മുന്നിലുള്ള വിഷയവുമാണ്. സിപിഐ(എം) — സിപിഐ ചര്‍ച്ചകളില്‍ ഒന്നുംതന്നെ പ്രതിപക്ഷ നേതാവ് കത്ത് കൊടുക്കുന്നതിനെ കുറിച്ച് സൂചിപ്പിച്ചിട്ടുമില്ല. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ കത്ത് കൊടുക്കുമെന്ന് പറയാന്‍ പ്രേരിപ്പിച്ചത് എന്താണ്? പ്രേരണ ഇടതുപക്ഷ രാഷ്ട്രീയം അല്ല എന്ന് വ്യക്തമാണ്?
എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ എംഎന്‍ സ്മാരകത്തിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി പ്രതിപക്ഷ ഉപനേതാവ്, എല്‍ഡിഎഫ് യോഗം വിളിക്കേണ്ട കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ ചര്‍ച്ചചെയ്തതാണ്. തുടര്‍ന്ന് എല്‍ഡിഎഫ് യോഗം വിളിക്കാനും മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും പ്രതിപക്ഷ നേതാവ് വിഷയം തടസം ആകേണ്ട എന്ന ധാരണയായി. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മുമ്പിലും ആ വിഷയം ഇപ്പോള്‍ വരേണ്ട എന്നും ധാരണ ഉണ്ടാക്കിയിരുന്നു.
രണ്ട് പാര്‍ട്ടികളുടെയും ദേശീയ – സംസ്ഥാന നേതൃത്വതലത്തിലുള്ള വിഷയം എന്ന നിലയിലാണ് കണ്ടത്. കേരള രാഷ്ട്രീയവും പ്രവര്‍ത്തനങ്ങളുമാണ് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ അജണ്ടയില്‍ പ്രധാനമായി ഉണ്ടായിരുന്നത്. 12 ജില്ലകളിലായി 38 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയത്തിനായി കൂട്ടായി പ്രവര്‍ത്തിക്കുവാനും എല്‍ഡിഎഫിന്റെ ജില്ലാ — മണ്ഡലം — പ്രാദേശികതല സമിതികള്‍ ഓഗസ്റ്റ് — നവംബര്‍ മാസങ്ങളിലായി ചേരുന്നതിനും മുന്നണി സംവിധാനം ശക്തിപ്പെടുത്തുവാനും ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം പരമാവധി ഉറപ്പുവരുത്തുന്നതിനായി കൂട്ടായി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും തീരുമാനിച്ചാണ് എല്‍ഡിഎഫ് യോഗം പിരിഞ്ഞത്. യോഗത്തിന്റെ അധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നു. മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം പ്രതിപക്ഷ നേതാവും വിശദീകരിച്ചു.
തര്‍ക്കങ്ങള്‍ എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകരുതെന്ന ധാരണയില്‍ തീരുമാനമെടുത്ത് മുന്നോട്ടുപോകുമ്പോള്‍ പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തി ഏകപക്ഷീയ നിലപാടുകള്‍ പ്രഖ്യാപിക്കുന്നത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണോ? എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ഉതകുന്ന പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചത് എന്താണ്? എല്‍ഡിഎഫ് എന്താണ്? മുന്നണി ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാര്‍മ്മികതയും എന്താണ്? ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം അനിവാര്യമാണ്. ഈ കാര്യങ്ങളിലെല്ലാം വ്യക്തത ആവശ്യവുമാണ്. പ്രതിപക്ഷ നേതാവിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കരുത്. അത്തരം സമീപനങ്ങള്‍ ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ധാര്‍മ്മികതയെ ദുര്‍ബലപ്പെടുത്തും. കേരള രാഷ്ട്രീയത്തില്‍ ശക്തമായി ഇടപെടാന്‍ ശ്രമിക്കുന്ന ബിജെപി — സംഘ്പരിവാര്‍ സംഘടനകള്‍ക്കാണ് അത്തരം സമീപനങ്ങള്‍ സഹായകരമാകുക.
സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ രാഷ്ട്രീയ ധാര്‍മ്മിക വിഷയങ്ങളില്‍ എടുത്ത നിലപാടുകള്‍ കേരളം ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇടതുപക്ഷ നിലപാട് ശക്തമായി ഉയര്‍ത്തിപ്പിടിച്ച് കേരളത്തിന് പിന്തുണ നല്‍കിയതാണ്. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം, മുന്നണികളിലെ പാര്‍ട്ടികളോട് എങ്ങനെ സമീപിക്കണം എന്നതെല്ലാം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ജനറല്‍ സെക്രട്ടറിയും മഹാനായ ലോക കമ്മ്യൂണിസ്റ്റ് നേതാവും ആയിരുന്ന ജോര്‍ജ് ദിമിത്രോവ് 1935ല്‍ മുന്നോട്ടുവച്ചതാണ് മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നണി രാഷ്ട്രീയത്തിലൂടെ ഏറെ നേട്ടങ്ങള്‍ കൈവരിച്ചു. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ വിജയം വരിച്ചത് മുന്നണി രാഷ്ട്രീയത്തിലൂടെയാണ്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും മുന്നണി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഏറെയാണ്. മുന്നണി രാഷ്ട്രീയത്തിന്റെ ഏറെ അനുഭവമുള്ള സംസ്ഥാനമാണ് കേരളം.
ദിമിത്രോവ് ആവര്‍ത്തിച്ച് പറഞ്ഞത് “മുന്നണി യജമാനന്‍ — ഭൃത്യന്‍ തമ്മിലുള്ള ബന്ധമല്ല. പാര്‍ട്ടികള്‍ തമ്മില്‍ തുല്യമായ പങ്കാളിത്തവും സഹകരണവുമാണ് പുലര്‍ത്തേണ്ടത്. തുല്യപങ്കാളിത്തവും പരസ്പര ബഹുമാനവും ഉണ്ടാകണം. എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. മുന്നണിയിലെ മറ്റ് പാര്‍ട്ടികളുടെ സ്വാതന്ത്ര്യത്തെയും ആശയങ്ങളെയും മാനിക്കണം. തീരുമാനങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്പിക്കാതെ ചര്‍ച്ചകളിലൂടെയും ധാരണകളിലൂടെയും എടുക്കണം.“കമ്മ്യൂണിസ്റ്റുകാര്‍ മുന്നണി രാഷ്ട്രീയത്തില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട രാഷ്ട്രീയ പക്വത പ്രതിപക്ഷ നേതാവിന് ഉണ്ടായില്ലെന്ന് പറയേണ്ടിവരുന്നത് ഖേദകരമാണ്.