

ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽഡിഎഫ് സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും പറഞ്ഞ ബിനോയ് വിശ്വം കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിച്ചു. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും കഴിഞ്ഞ സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കം ഇണ്ടത്തുരുത്തിമനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്കേറ്റ തോൽവിയുടെ കാരണങ്ങൾ എൽഡിഎഫ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. നമ്മുടെ തോല്‍വിയെ അങ്ങനെ തന്നെ കാണണം. തോല്‍വിയാണത്. നാം വീണാല്‍ പറയും, അത് വീഴ്ചയാണ്, വിദ്യയാണെന്ന് പറയില്ല. തോറ്റപ്പോള്‍ നാം ചോദിച്ചു, തോറ്റത് എന്തുകൊണ്ടാണ്? തെക്കും വടക്കും പറയുന്നൊരു കാര്യം, നമ്മുടെ ആളുകള്‍ നമുക്ക് വോട്ട് ചെയ്തില്ല. നമ്മുടെ വര്‍ഗബന്ധുക്കള്‍ നമുക്ക് വോട്ട് ചെയ്തില്ല. നമ്മുടെ കുടുംബങ്ങള്‍ നമുക്ക് വോട്ട് ചെയ്തില്ല. തെറ്റായിപ്പോയി, വോട്ട് ചെയ്യാത്തത്. ആ തെറ്റ് എന്തുകൊണ്ട് വന്നു എന്ന ചിന്ത നമുക്ക് വേണം. എന്തുകൊണ്ടാണ് ജനങ്ങൾ അകന്നതെന്ന് തിരിച്ചറിയാൻ മുന്നണി തയ്യാറാകണം. പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നു. തോൽവിയേക്കുറിച്ച് പഠിക്കുമ്പോൾ ഈ ചോദ്യം നാം ചോദിക്കണം. പാർട്ടി ബന്ധുക്കളെ, നമ്മുടെ എല്ലാം എല്ലാമായവരെ, നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ, കേട്ടോ, പഠിച്ചോ? ഏറ്റവും ചെറിയ ആവശ്യംപോലും നാം അവർക്കുവേണ്ടി ചെയ്തുകൊടുത്തോ എന്ന് ചിന്തിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെയും കടുത്ത ഭാഷയില്‍ ബിനോയ് വിശ്വം വിമര്‍ശിച്ചു. കള്ള് ചെത്ത് വ്യവസായത്തോടും തൊഴിലാളികളോടും സർക്കാർ തെറ്റായ സമീപനമാണ് സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ ഗവണ്‍മെന്റ്, നമ്മളെല്ലാം ആഗ്രഹിച്ച പോലെ പോകാന്‍ ശ്രമിച്ചിട്ടില്ല. വീഴ്ച തന്നെയാണത്. ആ വീഴ്ചയില്‍ എഐടിയുസിക്ക് അന്നും ഇന്നുമുണ്ട് പ്രതിഷേധം. അത് ഞാന്‍ മറച്ചുവയ്ക്കുന്നില്ല. ഷാപ്പുകള്‍ക്ക് ദൂരപരിധി 400 മീറ്റര്‍. തമ്പ്രാക്കളുടെ ബാറിന് 50 മീറ്റര്‍, ഫൈഫ് സ്റ്റാര്‍ ആണെങ്കില്‍. അല്ലെങ്കില്‍ 200 മീറ്റര്‍. അതെന്ത് ന്യായം? അന്യായമാണ്. 400 മീറ്റര്‍ ദൂരപരിധി കുറയ്ക്കണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ പലതവണ സിപിഐ ആവശ്യപ്പെട്ടിരുന്നു. അപ്പോഴെല്ലാം ശരിയാക്കാമെന്നായിരുന്നു മറുപടി. നടപടിയുണ്ടായില്ല. ഷാപ്പുകളോടും ബാറുകളോടും രണ്ട് നീതിയാണ് കാണിച്ചത്. ഇത് മനസിലാക്കേണ്ടത് ഇടതുപക്ഷമാണ്. കള്ള് വ്യവസായത്തെ രക്ഷിക്കാൻ കടപ്പെട്ട രാഷ്ടീയം ഇടതുപക്ഷമാണ്. ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണം. ശരികൾ പാലിക്കുമ്പോഴാണ് അത് ശരികളാകുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.