

തിരുവനന്തപുരം: കേന്ദ്ര ലേബർ കോഡിന് കരട് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അധ്വാനിക്കുന്നവർക്ക് ഒപ്പമാണ് എൽഡിഎഫ്. ആ അർഥം മനസിലാകാത്ത ഉദ്യോഗസ്ഥരാണ് കരട് ചട്ടം തയ്യാറാക്കിയത്. അത്തരം ഉദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ കെൽപ്പുള്ള മന്ത്രിയാണ് ഇപ്പോഴുള്ളത് എന്നും ബിനോയ് വിശ്വം പറഞ്ഞു.
ബിജെപിയുമായി ബന്ധമുള്ള വർക്കിങ് കമ്മിറ്റി അംഗത്തെ പുറത്താക്കാൻ കോൺഗ്രസിന് ധൈര്യമില്ലേ എന്നും ശശി തരൂർ വിഷയം ഉയർത്തി കൊണ്ട് ബിനോയ് വിശ്വം ചോദിച്ചു. എല്ലാ ആഴ്ചയും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നയാളാണ് ശശി തരൂർ. മോദി സ്തുതിയാണ് നടത്തുന്നത്. ഒരാൾക്ക് അല്ല ബിജെപിയുമായി ബന്ധം ഉള്ളത്. കോൺഗ്രസിന് ബിജെപിയുമായുള്ള രാഷ്ട്രീയ ഉൽപ്രേക്ഷയെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ഒരു കൈ വെൽഫെയർ പാർട്ടിയുടെ തോളിലാണ്. അത് അവർ പരസ്യമായി പറഞ്ഞു. മറ്റൊരു കയ്യുള്ളത് ബിജെപിയുടെ തോളിലും. ഒരു ഭാഗത്ത് മുസ്ലീം മതതീവ്രവാദവും മറു ഭാഗത്ത് ഹിന്ദു മതതീവ്രവാദവും. ഗാന്ധിയുടെ പാർട്ടിക്ക് ഇത് ശരിയാണോ? വെൽഫെയർ പാർട്ടി എസ്ഡിപിഐയുടെ അനിയനോ ചേട്ടനോ എന്നതിലാണ് വ്യക്തതക്കുറവ്. എന്തായാലും അനിയത്തിയോ, ചേട്ടത്തിയോ ആകില്ല. പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യം നൽകാത്ത പാർട്ടിയാണ് എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും, ബിനോയ് വിശ്വം.