തൃശൂർ: കുന്നംകുളത്ത് വീണ്ടും പൊലീസ് മർദനമെന്ന് ആരോപണം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറു പേർക്ക് മർദനമേറ്റെന്ന് ആരോപിച്ച് സിപിഐഎം രംഗത്തെത്തി. കുന്നംകുളത്തേത് ഗുണ്ടാ പൊലീസ് ആണെന്ന് സിപിഐഎം പറയുന്നു.
പള്ളിപ്പെരുന്നാളിന് ശേഷം പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളെ അകാരണമായി ക്രൂരമായി മർദിച്ചുവെന്നും സിപിഐഎം ആരോപിച്ചു. കുന്നംകുളം എസ്ഐ വൈശാഖും മറ്റു പൊലീസുകാരും വഴിയരികിൽ കൂടി നിന്നവരെ മർദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
പ്രവർത്തകരെ ആക്രമിച്ചതിൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎം അറിയിച്ചു. ഇതിൻ്റെ ഭാഗമായി മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി. യുവാക്കളെ അകാരണമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേതൃത്വം അറിയിച്ചു.
കാര്യങ്ങൾ പരിശോധിച്ച ശേഷം പ്രതിഷേധ പരിപാടിയെക്കുറിച്ച് അടക്കം ആലോചിക്കുമെന്ന് ഏരിയ സെക്രട്ടറി കൊച്ചനിയൻ പറഞ്ഞു. എന്നാൽ മർദിച്ചുവെന്ന ആരോപണത്തിൽ കഴമ്പ് ഇല്ലെന്നും മദ്യപ സംഘത്തെ പിരിച്ചുവിടാനാണ് ശ്രമിച്ചതെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.
പെട്രോളിങ്ങിൻ്റെ ഭാഗമായി ഒരുവട്ടം എത്തി വാണിങ് നൽകിയിട്ടും യുവാക്കൾ പിരിഞ്ഞു പോയില്ല. രണ്ടാമത് ഇവിടേക്ക് എത്തിയപ്പോൾ യുവാക്കൾ പ്രകോപിതരായി. ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാക്കളെ പ്രതിരോധിക്കുകയാണ് ഉണ്ടായതെന്നും പൊലീസ് അറിയിച്ചു.