

കോഴിക്കോട് നടന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ അസാധാരണ നടപടി. തെറ്റ് തിരുത്തി മുന്നേറാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍, സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു. പിബിയുടെ പ്രത്യേക അനുമതിയോടെ പി. ജയരാജന്‍, എം.ബി. രാജേഷ്, വി. ശിവന്‍ കുട്ടി എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. കേന്ദ്ര കമ്മിറ്റി ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കൂടി ഭാഗമാകും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.പി. രാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവരെയാണ് സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയത്. അതേസമയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇരുവര്‍ക്കും സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനാകും.
സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചിട്ടുണ്ട്. സിപിഐഎം പോഷക സംഘടനകളില്‍ നിന്നുള്ള യുവാക്കളെയാണ് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെയ്‌ക് സി. തോമസ്, എം. വിജിന്‍, ഒ.എസ്. അംബിക, പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ്, ആദർശ് എം. സജി, എൻ. സുകന്യ, സുബൈദ ഇസ്‌ഹാഖ്, പ്രഭാവർമ്മ എന്നിവരെയാണ് ക്ഷണിതാക്കളായി സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി. രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറായി നിയോഗിക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാർട്ടി ശാസന നൽകിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിച്ചില്ലെന്നാണ് ഗോവിന്ദനെതിരായ വിമര്‍ശനം. കണ്ണൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ കാര്യങ്ങളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചു. വ്യക്തിപരമായും സംഘടനാപരമായ ഉത്തരവാദിത്തം ഗോവിന്ദന്‍ നിര്‍വഹിച്ചില്ലെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ മറുപടിയിലാണ് വിമര്‍ശനം.
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പിണറായി വിജയനും എതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിയാനാവില്ലെന്നും തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകണമെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. തുടര്‍ന്ന് തെറ്റുതിരുത്തല്‍ നടപടികളുടെ ഭാഗമായാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേര്‍ന്നത്.