"സ്ഥാനാർഥി നിർണയത്തിലെ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തില്ല"; തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ അക്കമിട്ട് നിരത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം

ശബരിമല അയ്യപ്പ സംഗമം സർക്കാർ പരിപാടിയാണെന്ന വ്യാജ പ്രചാരണം പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായെന്നും വിമർശനം...
"സ്ഥാനാർഥി നിർണയത്തിലെ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തില്ല"; തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ അക്കമിട്ട് നിരത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം
Source: Files
Published on
Updated on

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ തുറന്നുസമ്മതിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്‍. ​പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയത്തിലെ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തില്ല.​ ശബരിമല അയ്യപ്പ സംഗമം സർക്കാർ പരിപാടിയാണെന്ന വ്യാജ പ്രചാരണം പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ചയുണ്ടായി. ശബരിമല സ്വർണപ്പാളി വിഷയത്തിൽ പത്മകുമാറിനെതിരെ അടിയന്തര നടപടിയെടുക്കാതിരുന്നതും തിരിച്ചടിയായി. വെള്ളാപ്പള്ളിയുടെ മുസ്ലീം വിരുദ്ധ പരാമർശത്തെ ശക്തമായി വിമർശിക്കാൻ കഴിയാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

"സ്ഥാനാർഥി നിർണയത്തിലെ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്തില്ല"; തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ അക്കമിട്ട് നിരത്തി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം
പിഎസ്‌സിയിൽ വൻ സുരക്ഷാവീഴ്ച; മൂല്യനിര്‍ണയത്തിന് സുരക്ഷാ പരിശോധന നടത്താത്ത സോഫ്റ്റ്‌വെയർ

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

തെരഞ്ഞെടുപ്പ്‌ രംഗത്തുവന്ന ചില പോരായ്‌മകള്‍

***************************

നിയമസഭാ തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ വന്നിട്ടുള്ള പല പോരായ്‌മകളും സൂക്ഷ്‌മ തലത്തില്‍ ഉണ്ടായിട്ടുള്ള വീഴ്‌ച്ചകളും പരാജയത്തിന്‌ ഇടയാക്കിയ ഘടകങ്ങളാണ്‌. പയ്യന്നൂര്‍, തളിപ്പറമ്പ്‌ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഗുണം ചെയ്‌തില്ല.

ശബരിമല ദേവസ്വം ബോര്‍ഡ്‌ അയ്യപ്പ സംഗമം പോലുള്ള പരിപാടികള്‍ നടത്തുന്നതില്‍ തെറ്റില്ല. എന്നാല്‍, അത്‌ സര്‍ക്കാര്‍ പരിപാടിയാണെന്ന പ്രചരണമാണ്‌ യു.ഡി.എഫും, വലതുപക്ഷ മാധ്യമങ്ങളും നടത്തിയത്‌. ഇത്‌ പൊതുവില്‍ ജനങ്ങളെ സ്വാധീനിക്കുന്ന ഘടകമായി മാറി. അതോടൊപ്പം ആര്‍.എസ്‌.എസ്‌ പശ്ചാത്തലമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പ്രസ്‌തുത സമ്മേളനത്തില്‍ വായിച്ചതും ശരിയായിരുന്നുമില്ല.

ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ പത്മകുമാര്‍ ജയിലിലായിരിക്കുന്ന സമയത്ത്‌ നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടായിരുന്നു. എങ്കിലും, അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത്‌ നടപടിയെടുക്കാത്തത്‌ പോരായ്‌മയാണ്‌. പാര്‍ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച 6 പേര്‍ എല്‍.ഡി.എഫിനെതിരായി മത്സരിച്ചത്‌ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്നതിന്‌ ഇടയാക്കി. പാര്‍ലമെന്ററി താല്‍പര്യങ്ങള്‍ പാര്‍ടി പ്രവര്‍ത്തകരില്‍ കടന്നുവരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത്‌ നടത്തിയ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളോട്‌ സി.പി.ഐ.എമ്മിനുള്ള വിയോജിപ്പ്‌ വ്യക്തമാക്കിയതാണ്‌. എന്നാല്‍, കുറേക്കൂടി വ്യക്തമായും വിമര്‍ശനപരമായും പ്രസ്‌താവന നല്‍കുന്ന കാര്യത്തില്‍ പോരായ്‌മ സംഭവിച്ചു. ഇത്‌ എതിരാളികള്‍ക്ക്‌ തെറ്റായ പ്രചരണത്തിന്‌ അവസരം നല്‍കി.

പ്രകടന പത്രികയിലെ കാഴ്‌ചപ്പാടുകള്‍ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും പോരായ്‌മ സംഭവിക്കുകയുണ്ടായി. എല്‍.ഡി.എഫ്‌ മുന്നോട്ടുവെച്ച തെരഞ്ഞെടുപ്പ്‌ മുദ്രാവാക്യം കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ ജനങ്ങളെ ആകര്‍ഷിക്കുന്ന സ്ഥിതിയുണ്ടായില്ല.

യു.ഡി.എഫ്‌ നടത്തിയ കള്ള പ്രചാരവേലകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും പോരായ്‌മ സംഭവിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ്‌ കാലത്തെ ചില പ്രസ്‌താവനകളും തിരിച്ചടിയുണ്ടാക്കുന്നതിന്‌ ഇടയാക്കി. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഇറങ്ങിച്ചെന്ന്‌ പ്രവര്‍ത്തിക്കുന്നതിനുള്ള പോരായ്‌മകള്‍ തെരഞ്ഞെടുപ്പ്‌ സംബന്ധിച്ച വിലയിരുത്തലുകളിലും ഉണ്ടായി. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വിവിധ ഘടകങ്ങള്‍ക്ക്‌ പോരായ്‌മ സംഭവിച്ചു.

പാര്‍ടി സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തി വന്ന പോരായ്‌മകള്‍ തിരുത്തുന്നതിനുള്ള ഇടപെടലാണ്‌ സി.പി.ഐ.എമ്മിന്റെ വിപുലമായ സംസ്ഥാന കമ്മിറ്റിയിലൂടെ ലക്ഷ്യം വെക്കുന്നത്‌. പാര്‍ടിയിലുടനീളം ചര്‍ച്ച ചെയ്‌തതും വിവിധ വിഭാഗങ്ങളില്‍ നിന്ന്‌ ലഭിക്കുന്ന അഭിപ്രായങ്ങളും പരിശോധിച്ചുകൊണ്ടുള്ള കര്‍മ്മ പദ്ധതികളാണ്‌ സി.പി.ഐ (എം) ലക്ഷ്യം വെക്കുന്നത്‌.

1957, 1967, 1980 തുടങ്ങിയ കാലങ്ങളില്‍ രണ്ടുവര്‍ഷം മാത്രമാണ്‌ ഭരണത്തില്‍ എല്‍.ഡി.എഫുണ്ടായിരുന്നത്‌. 1987 ല്‍ നാലുവര്‍ഷവും ഭരണത്തിലിരുന്നു. 1996 ലാണ്‌ ആദ്യമായി അഞ്ചുവര്‍ഷം ഭരിക്കുന്ന സ്ഥിതിയുണ്ടായത്‌. 2016 ലാണ്‌ തുടര്‍ ഭരണം ലഭിച്ചിട്ടുള്ളത്‌. 1977 ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ പൊതുവില്‍ കോണ്‍ഗ്രസ്സിന്‌ പരാജയമായിരുന്നു. എന്നാല്‍ കേരളത്തില്‍ സി.പി.ഐ (എം) നേതൃത്വത്തിലുള്ള മുന്നണിയ്‌ക്ക്‌ 17 സീറ്റാണ്‌ ലഭിച്ചത്‌. ലോക സഭയില്‍ സീറ്റൊന്നുമുണ്ടായിരുന്നില്ല. പിന്നീട്‌ നിയമസഭയില്‍ 99 സീറ്റിലേക്കും ലോക സഭയില്‍ 18 സീറ്റിലേക്കുമെല്ലാം എത്തുന്ന നിലയുമുണ്ടായിട്ടുണ്ട്‌.

ഓരോ ഘടത്തിലുമുണ്ടാകുന്ന തിരിച്ചടികളെ പരിശോധിച്ച്‌ തിരുത്തികൊണ്ടാണ്‌ പാര്‍ടി മുന്നോട്ടുപോയത്‌. പുതിയ കാലഘട്ടത്തില്‍ ആഗോള തലം മുതല്‍ ബ്രാഞ്ച്‌ തലം വരെയുള്ള പ്രശ്‌നങ്ങളെ വിശകലനം ചെയ്‌ത്‌ മുന്നോട്ടു പോകുന്ന സമീപനമാണ്‌ പാര്‍ടി സ്വീകരിക്കുന്നത്‌. പാര്‍ടി സംഘടനയേയും ബഹുജനങ്ങളെ ആകെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ പുതിയ സംഘടനാ സമീപനത്തിലേക്കാണ്‌ പാര്‍ടി കടക്കുന്നത്‌.

കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പും വര്‍ഗ സമരത്തിന്റെ ഭാഗമാണ്‌. ജനലക്ഷങ്ങളെ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തോടൊപ്പം അണിനിരത്താനുള്ള സമരത്തിന്റെ ഒരു ഉപകരണമായാണ്‌ പാര്‍ടി തെരഞ്ഞെടുപ്പിനെ കാണുന്നത്‌. ഇപ്പോള്‍ നടക്കുന്ന തെറ്റായ പ്രചാരവേലകളെയെല്ലാം അതിജീവിച്ച്‌ പോരായ്‌മകള്‍ തിരുത്തി പാര്‍ടി കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരും. കഴിഞ്ഞ ഒരു മാസക്കാലത്തെ യു.ഡി.എഫ്‌ ഭരണം സ്വീകരിക്കുന്ന സമീപനം എല്‍.ഡി.എഫ്‌ ഭരണത്തിന്റെ സവിശേഷതകളെ കൂടുതല്‍ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നത്‌ ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്‌.

Related Stories

"ഒരു മാസത്തെ ഭരണം സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നത്, കേന്ദ്ര നയങ്ങൾ അതേപടി സ്വീകരിക്കുന്നു"; സർക്കാരിന് രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം
MV Govindan says there is an effort to promote saffronization in the university
"എം.വി. ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ല, സംസ്ഥാന കമ്മിറ്റി പിരിച്ചു വിടണം"; വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്
News Malayalam 24x7
newsmalayalam.com