

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കും ജനകീയ അടിത്തറയിലുണ്ടായ വിള്ളലിനും കാരണം സംസ്ഥാന നേതൃത്വത്തിന്റെ ഗുരുതര വീഴ്ചകളാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട്. ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ ചോർന്നതും ബിജെപി ബന്ധ ആരോപണം പ്രതിരോധിക്കാൻ കഴിയാത്തതും പാർട്ടിക്ക് വൻ തിരിച്ചടിയായി. ആഗോള അയ്യപ്പ സംഗമത്തിലെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയത്. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കെതിരായ പ്രതികരണം ദുർബലമായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അനാസ്ഥയെയും തെറ്റായ തീരുമാനങ്ങളെയും കടുത്ത ഭാഷയിലാണ് റിപ്പോര്‍ട്ടില്‍ വിമർശിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന്റെ നയപരമായ വീഴ്ചകളും വീണ്ടുവിചാരമില്ലാത്ത തീരുമാനങ്ങളും പാർട്ടിയുടെ അടിത്തറ വരെ തകർക്കുന്ന കനത്ത പരാജയത്തിന് കാരണമായതെന്നാണ് സിപിഐഎം കേന്ദ്ര കമ്മറ്റി തയ്യാറാക്കിയ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ വൻതോതിൽ അകന്നുപോയതും പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങൾക്ക് ശക്തമായി മറുപടി നൽകാൻ കഴിയാത്തതും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അനാസ്ഥയും തീരുമാനങ്ങളിലെ പാളിച്ചയും കാരണമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. കോൺഗ്രസ്, ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് എന്നീ കക്ഷികൾ പാർട്ടിക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന് വ്യാപക പ്രചാരണം നടത്തി. ഇതിനെ ചെറുക്കാൻ തക്ക രാഷ്ട്രീയ പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചില്ല. എസ്ഐആർ ഉൾപ്പെടെ വിഷയങ്ങളിൽ വ്യാജപ്രചാരണങ്ങൾ വിശ്വസിച്ച ന്യൂനപക്ഷ വോട്ടർമാർ എൽഡിഎഫിൽ നിന്ന് അകന്നുപോകാൻ ഇത് കാരണമായി.
ആഗോള അയ്യപ്പ സംഗമത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം പാർട്ടി മന്ത്രിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.എൻ. വാസവൻ വായിച്ച സംഭവം വലിയ നാണക്കേടുണ്ടാക്കി. തീവ്ര വർഗീയ നിലപാടുള്ള നേതാവിന്റെ സന്ദേശം ക്ഷണിച്ചുവരുത്തി ചടങ്ങിൽ വായിച്ചത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകിയത്. പാർട്ടി വർഗീയ ശക്തികളോട് മൃദുസമീപനം പുലർത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കാൻ ഇത് ഇടയാക്കി. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾക്കെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയെങ്കിലും അത് അങ്ങേയറ്റം ദുർബലമായിരുന്നു.
ഇതിനുപുറമേ, വിവാദ വിഷയത്തിൽ ചില പാർട്ടി നേതാക്കൾ നടത്തിയ പരസ്പരവിരുദ്ധ പ്രസ്താവനകൾ ന്യൂനപക്ഷ വിഭാഗങ്ങളിലെ അമർഷവും അകൽച്ചയും വർധിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പി എം ശ്രീ വിവാദമുണ്ടായത് പ്രതിപക്ഷ പ്രചാരണത്തിന് വിശ്വാസ്യത നൽകി എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഘടകകക്ഷിയായ സിപിഐ, പിഎം ശ്രീ വിഷയം പരസ്യമായി ഉന്നയിച്ചത് മുന്നണി പ്രതിച്ഛായയെ ബാധിച്ചു. എൽഡിഎഫ് ഘടകകക്ഷികളുമായി കൃത്യമായ കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊണ്ടതാണ് പ്രതിസന്ധിക്ക് കാരണം. ഇത് ബിജെപിയുമായി അടിയൊഴുക്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് ബലം പകർന്നു.
സ്വർണക്കടത്ത് കേസിൽ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ അടിയന്തര നടപടിയെടുക്കുന്നതിൽ ഗുരുതര വീഴ്ച പറ്റി. അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി അഖിലേന്ത്യാ സെൻറർ ആവശ്യപ്പെട്ടിട്ടും സംസ്ഥാന നേതൃത്വം അത് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പ്രതിക്കൂട്ടിൽ ആക്കുന്നതാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ. സ്ഥാനാർഥി നിർണയത്തിലെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയും സ്വജനപക്ഷപാത ആരോപണങ്ങൾ ഉയരുകയും ചെയ്തത് പാർട്ടി കോട്ടകളെ തന്നെ തകർത്തു. വനിതകൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവർക്ക് അർഹമായ പ്രാതിനിധ്യം നൽകാൻ കഴിയാതിരുന്നത് അതീവ ഗുരുതരമാണ്. കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റികൾക്ക് മേൽ മാത്രം കെട്ടിവെക്കാതെ സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.