

തിരുവനന്തപുരം: തുടര്‍ച്ചയായി വീഴ്ചകള്‍ സംഭവിക്കുമ്പോഴും ആരോഗ്യവകുപ്പിനെയും ആരോഗ്യമന്ത്രിയെയും പ്രതിരോധിച്ച് സിപിഐഎം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയിലുമടക്കം തുടര്‍ച്ചയായി ചികിത്സാപിഴവ് ആരോപണങ്ങള്‍ വരുമ്പോഴാണ് മന്ത്രിയെ പിന്തുണച്ചുകൊണ്ട് സിപിഐഎം രംഗത്തെത്തുന്നത്.
ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടക്കുമ്പോള്‍ പിഴവുകള്‍ സ്വാഭാവികമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ന്യായീകരണം. വീഴ്ച സ്വാഭാവികമാണെന്നും അതുകൊണ്ടല്ലേ നടപടി എടുക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ലക്ഷക്കണക്കിന് ശസ്ത്രക്രിയകള്‍ നടക്കുന്ന സ്ഥലമല്ലേ കേരളം. അതില്‍ ഒന്നോ രണ്ടോ ചൂണ്ടിക്കാട്ടി ഇതോടുകൂടി എല്ലാ ഓപ്പറേഷനും തെറ്റാണ് എന്ന് പറയാന്‍ കഴിയുമോ? എന്നാല്‍ നിലവില്‍ അതാണ് മാധ്യമങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന് എതിരായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വീഴ്ചയെ അഡ്രസ് ചെയ്തതുകൊണ്ടാല്ലോ വ്യക്തിക്കെതിരെ നടപടി എടുത്തതെന്നും സസ്‌പെന്‍ഡ് ചെയ്തതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവമാണെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ഒരു തരത്തിലുമുള്ള ഒറ്റപ്പെട്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാനുള്ള നടപടികളുമായി എല്ലാ വകുപ്പുകളും മുന്നോട്ട് പോകണം. അതിനാവശ്യമായ മുന്‍കരുതലുകളോട് കൂടി മുന്നോട്ടേക്ക് പോകും എന്ന് തന്നെയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
വീണാ ജോര്‍ജിനെ പോലെ ഇത്രയും വേട്ടയാടപ്പെടുന്ന മന്ത്രി ഇല്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം. സ്ത്രീയാണെന്ന സാമാന്യ പരിഗണന പോലും നല്‍കുന്നില്ല. ഒരു സ്ത്രീ എന്ന നിലയില്‍ മന്ത്രിയോട് ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തത്. റീത്ത് വയ്ക്കുന്നത് ശവത്തിനാണ്. ജീവനുള്ള ഒന്നിനും റീത്ത് വെക്കില്ല. വെറുതെ ചൊറിഞ്ഞു കൊണ്ട് വരരുതെന്നും സജി ചെറിയാന്‍ മുന്നറിയിപ്പ് നല്‍കിയെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്.
മന്ത്രി പി. രാജീവും വീണ ജോര്‍ജിനെ പിന്തുണച്ച് രംഗത്തെത്തി. ആരോഗ്യ മന്ത്രി സ്ത്രീയാണ്. അവരുടെ വസതിയില്‍ റീത്ത് വെക്കുന്നത്, ശരിയായ രീതിയല്ല. സ്വകാര്യ ആശുപത്രികളിലും പിഴവ് ഉണ്ടാകാറില്ലേ എന്ന് മന്ത്രി ചോദിച്ചു. പിഴവ് ഉണ്ടായാല്‍ നടപടി എടുക്കും. അതാണല്ലോ ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് പൊതു ആരോഗ്യ സംവിധാനത്തില്‍ ഏറ്റവും വെന്റിലേറ്ററുകള്‍ ഉള്ളത് കേരളത്തിലല്ലേ? സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും തസ്തികകള്‍ ഉണ്ടായത് ഈ സര്‍ക്കാരിന്റെ സമയത്ത്. ഇനിയും ആവശ്യമെങ്കില്‍ തസ്തികകള്‍ വര്‍ധിപ്പിക്കും. സര്‍ക്കാര്‍ ആശുപത്രികള തകര്‍ക്കാന്‍ ആസൂത്രണം നടക്കുന്നു. ബോധപൂര്‍വ്വമായ അനാസ്ഥ മാത്രമേ കുറ്റകരമായി കാണുന്നുള്ളൂ എന്നും പി. രാജീവ് പറഞ്ഞു.
ആരോഗ്യമന്ത്രി പൂര്‍ണ പരാജയമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ പിഴവിന് ഇരയായ ഹര്‍ഷിന പറഞ്ഞത്.