"ഇവരൊന്നും കോൺഗ്രസ് അല്ലേ? സ്വന്തം പ്രവർത്തകരെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ സമനില തെറ്റിയോ?"; വി.ഡി. സതീശനെതിരെ എസ്. സതീഷ്

'എന്റെ നെഞ്ചത്തോട്ട് കേറുന്നത് എന്തിനാ' എന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തെയും സിപിഐഎം നേതാവ് രൂക്ഷമായി വിമർശിക്കുന്നുണ്ട്
എസ്. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
എസ്. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്Source: facebook
Published on

എറണാകുളം: സിപിഐഎം നേതാവ് കെ.ജെ.ഷൈനെതിരായ അപവാദ പ്രചാരണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദങ്ങൾ തള്ളി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. സ്വന്തം പ്രവർത്തകരെയും കോൺഗ്രസ് അനുകൂല പ്രൊഫൈലുകളെയും തിരിച്ചറിയാൻ സാധിക്കാത്തവിധത്തിൽ കോൺഗ്രസ്‌ നേതാക്കൻമാരുടെ സമനില തെറ്റിയോ എന്നാണ് എസ്. സതീഷിൻ്റെ ചോദ്യം. വ്യാജ കഥയുണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോൾ, തനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞ് കയ്യൊഴിയുന്ന നേതാക്കൾ കേരള രാഷ്ട്രീയത്തിന് ലജ്ജാവാഹമാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

'ഇവരൊന്നും കോൺഗ്രസ്‌ അല്ലേ' എന്ന ചോദ്യവുമായാണ് എസ്. സതീഷിൻ്റെ കുറിപ്പ്. സോഷ്യൽ മീഡിയ ആക്രമണത്തെ സംബന്ധിച്ച് ചോദ്യത്തിൽ, 'എന്റെ നെഞ്ചത്തോട്ട് കേറുന്നത് എന്തിനാ' എന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണത്തെയും സിപിഐഎം നേതാവ് രൂക്ഷമായി വിമർശിക്കുന്നുണ്ട്. കോൺഗ്രസിന്റെ നേതാക്കന്മാരായ ജിന്റോ ജോൺ, ബി. ആർ.എം ഷഫീർ,റിജിൽ മാക്കുറ്റി,യൂത്ത് കോൺഗ്രസ് എറണാകുളം ഫേസ്ബുക്ക് പേജ് എന്നിവയെക്കുറിച്ചും പോസ്റ്റിൽ പരാമർശമുണ്ട്.

എസ്. സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
സൈബർ ആക്രമണം: കെ.ജെ. ഷൈനിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; പ്രതിപ്പട്ടികയിൽ 'പ്രതിപക്ഷം' യൂട്യൂബ് ചാനലും

എസ്. സതീഷിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം:

ഇവരൊന്നും കോൺഗ്രസ്‌ അല്ലേ...??

കഴിഞ്ഞ ദിവസം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎയ്ക്കും ഷൈൻ ടീച്ചറിനും എതിരെ നടന്ന സോഷ്യൽ മീഡിയ ആക്രമണത്തെ സംബന്ധിച്ച് ചോദിക്കുമ്പോൾ എന്റെ നെഞ്ചത്തോട്ട് കേറുന്നത് എന്തിനാ എന്നാണ് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് സൈബർ ആക്രമണത്തിൽ കോൺഗ്രസിനോ, ഔദ്യോഗിക കോൺഗ്രസ് ഹാൻഡിലുകൾക്കോ ബന്ധം ഇല്ലെന്നാണ്". സ്വന്തം പ്രവർത്തകരെയും കോൺഗ്രസ് അനുകൂല പ്രൊഫൈലുകളെയും തിരിച്ചറിയാൻ സാധിക്കാത്തവിധത്തിൽ കോൺഗ്രസ്‌ നേതാക്കൻമാരുടെ സമനില തെറ്റിയോ??

കോൺഗ്രസിന്റെ നേതാക്കന്മാരായ ജിന്റോ ജോൺ, ബി ആർ.എം ഷഫീർ,റിജിൽ മാക്കുറ്റി,യൂത്ത് കോൺഗ്രസ് എറണാകുളം FB പേജ്... ഇവരെ തള്ളിപ്പറയുന്നുണ്ടോ???

വ്യാജ പ്രചരണം ആദ്യം കൊണ്ടുവന്ന സി കെ ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി ഞാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് തുറന്നു പറഞ്ഞതിനെ തള്ളിക്കളയാൻ ഈ നേതാക്കന്മാർക്ക് കഴിയുമോ??

ഈ വ്യാജ വാർത്ത കേരളത്തിൽ ഒരേ ഒരു പത്രത്തിലാണ് ആദ്യം അച്ചടിച്ചുവന്നത്. ആ പത്രത്തിന്റെ പറവൂറിലെ ലേഖകൻ യുഡിഎഫിന്റെ പറവൂർ മണ്ഡലം കമ്മിറ്റി കൺവീനർ കൂടിയാണെന്നത് വി ഡി സതീശൻ നിഷേധിക്കുമോ??

വ്യാജ കഥയുണ്ടാക്കി പ്രചരിപ്പിച്ച കോൺഗ്രസിനെതിരെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് പ്രതിഷേധങ്ങൾ ഉയരുമ്പോൾ എനിക്കൊന്നും അറിയില്ല എന്ന് പറഞ്ഞ് കയ്യൊഴിയുന്ന നേതാക്കളും, കേസ് കൊടുത്തപ്പോൾ പോസ്റ്റുകൾ മുക്കുന്ന കോൺഗ്രസ് പ്രവർത്തകരും കേരള രാഷ്ട്രീയത്തിന് ലജ്ജാവാഹമാണ്.

വിഡി സതീശന്റെ ബോംബ് സ്വന്തം കയ്യിലിരുന്ന് പൊട്ടിയപ്പോൾ ഉണ്ടായ നീറ്റൽ മാറ്റാൻ പുതിയ സിദ്ധാന്തവുമായി ഇറങ്ങുന്നവരെ അർഹിക്കുന്ന അവജ്ഞയോടെ കേരളം തള്ളിക്കളയും.

കേരളത്തെ സാമൂഹ്യവിരുദ്ധർക്ക് അഴിഞ്ഞാടാനുള്ള താവളമാക്കി ദുഷ്ട ചിന്തകൾ നടപ്പിലാക്കാൻ പറ്റുന്ന രീതിയിൽ കോൺഗ്രസിന്റെ സൈബർ ഇടങ്ങൾ മാറുമ്പോൾ അതിനെ നേരിടുക തന്നെ ചെയ്യും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com