

സംഘടനാ ദൗർബല്യങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമായി സിപിഐഎം, കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം സംഘടിപ്പിക്കുമ്പോൾ ഇതേ ആവശ്യങ്ങളോടെ മുൻകാലങ്ങളിൽ നടന്നിട്ടുള്ള പാർട്ടി പ്ലീനങ്ങളും ചർച്ചയാവുകയാണ്. ഏറ്റവും ഒടുവിൽ നടന്ന കൊൽക്കത്ത പ്ലീനവും, പാലക്കാട് നടന്ന സംസ്ഥാന പ്ലീനവുമെല്ലാം ചർച്ച ചെയ്തത് സംഘടനാ ദൗർബല്യങ്ങളും തെറ്റ് തിരുത്തലുകളുമായിരുന്നു. അന്നെടുത്ത തീരുമാനങ്ങളെല്ലാം കൃത്യമായി നടപ്പായിരുന്നുവെങ്കിൽ ഇത്രയും വലിയ പരാജയം നേരിടേണ്ടി വരില്ലായിരുന്നുവെന്നാണ് പാർട്ടി അണികൾ പറയുന്നത്.
1964ല്‍ സിപിഐഎം രൂപീകരിച്ചതിനു ശേഷം മൂന്ന് പ്രധാന പ്ലീനങ്ങളാണ് നടന്നത്. 1968ലെ ബർദ്വാൻ പ്ലീനം, 1978ൽ നടന്ന സാൽക്കിയ പ്ലീനം ഏറ്റവും ഒടുവിൽ 2015ൽ നടന്ന കൊൽക്കത്ത പ്ലീനം. ഇതിനിടെ 2013ൽ പാലക്കാട് സംസ്ഥാന പ്ലീനവും നടന്നു. 1968ലെ ബർദ്വാൻ പ്ലീനത്തിലൊഴികെ, ബാക്കിയെല്ലാ പ്ലീനങ്ങളിലും സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കാനും തെറ്റ് തിരുത്തലിന് തുടക്കം കുറിക്കാനുമുള്ള തീരുമാനങ്ങളാണ് ഉണ്ടായിരുന്നത്. 2011ലെ തിരഞ്ഞെടുപ്പിലും, തുടർന്നും ബംഗാളിൽ നേരിട്ട തകർച്ചയായിരുന്നു 2015ലെ കൊൽക്കത്ത പ്ലീനത്തിന് വഴിതെളിച്ചത്. 2013ൽ പാലക്കാട് നടന്ന പ്ലീനത്തിൽ സംസ്ഥാനത്തെ വിഭാഗീയതയും, നേതാക്കളുടെയും പാർട്ടി അംഗങ്ങളുടെ തെറ്റായ പ്രവണതകളും ചർച്ചയായി. തിരുത്തലുകൾ നിർദേശിച്ചു. പ്ലീനത്തിന് ശേഷവും വലിയ മാറ്റങ്ങളില്ലെന്ന് വിമർശനമുയർന്നു. എന്നാൽ അങ്ങനെ പറയാനാകില്ലെന്നും ബംഗാളിൽ ഉൾപ്പടെ പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നും സിപിഐഎം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണൻ പറയുന്നു.
പ്ലീനമല്ലെങ്കിലും കോഴിക്കോട് നടക്കാനിരിക്കുന്ന വിപുലീകൃത സംസ്ഥാന കമ്മറ്റി സംഘടനാ ദൗർബല്യങ്ങളും, തെറ്റ് തിരുത്തൽ നടപടികളും വിശദമായി ചർച്ച ചെയ്യും. കഴിഞ്ഞ മാസം ബംഗാളിൽ നടന്ന വിപുലീകൃത സംസ്ഥാന കമ്മറ്റി ബംഗാൾ ഘടകത്തിന് ഊർജം പകർന്നത് പ്രതീക്ഷയേകുന്നതാണ്. തിരുത്തലുകൾ എല്ലാ തട്ടിലുമുണ്ടാകുമെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കേരളത്തിൽ ആദ്യമായാണ് വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗം നടക്കുന്നത്. അതുകൊണ്ടു തന്നെ തിരുത്തലുകൾ പ്രഖ്യാപിക്കുക മാത്രമല്ലാതെ, തീരുമാനങ്ങളെല്ലാം നടപ്പാക്കാനുള്ള ആർജവവും ഉണ്ടാകണമെന്നാണ് പാർട്ടി അണികൾ പറയുന്നത്.