

സംസ്ഥാന സ്കൂൾ കായികമേളയിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി സുവർണനേട്ടം കൈവരിച്ച ഇടുക്കി കാൽവരി മൗണ്ട് സ്വദേശി ദേവപ്രിയ ഷൈബുവിന് സ്വപ്നവീട് സ്വന്തമായി. സിപിഎം നിർമിച്ച വീടിന്റെ തക്കോൽദാനം ഇന്ന് നടന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീടിന്റെ താക്കോൽ ദേവപ്രിയയുടെ കുടുംബത്തിന് കൈമാറി.
കഴിഞ്ഞ സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ മിന്നും പ്രകടനത്തിന് പിന്നാലെയാണ് ഇടുക്കി കാൽവരി മൗണ്ട് സ്വദേശി ദേവപ്രിയയ്‌ക്ക് വീട് വെച്ച് നൽകുമെന്ന് സിപിഐഎം പ്രഖ്യാപിച്ചത്. വാസയോഗ്യമായ വീടില്ലാത്ത ദേവപ്രിയയുടെ സ്വപ്നത്തിനായി നാടാകെ ഒന്നിച്ചു. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി വീട് നിർമാണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. പ്രഖ്യാപനം പത്ത് മാസം എത്തുമ്പോള്‍ മനോഹരമായ വീട് ദേവപ്രിയയ്ക്കും കുടുംബത്തിനും സ്വന്തം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നാട മുറിച്ച് ഗൃഹപ്രവേശത്തിനൊപ്പം ചേര്‍ന്നു.
കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ ആണ് വീട് നിർമിച്ചു നൽകിയത്. വീടിന്റെ താക്കോൽ പ്രതിപക്ഷ നേതാവിന്റെ കയ്യിൽ നിന്ന് കുടുംബം ഏറ്റുവാങ്ങി. ദേവപ്രിയയ്‌ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും പിണറായി വിജയൻ നേർന്നു.
കായികമേളയില്‍ റെക്കോഡ് തിരുത്തിക്കുറിച്ചയുടന്‍ തന്നെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് വീട് നിര്‍മിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നാല് കിടപ്പുമുറി, ഹാള്‍, അടുക്കളയ,സിറ്റൗട്ട് വർക്ക് ഏരിയ എന്നിവയുള്ള 25 ലക്ഷം രൂപ ചെലവിലാണ് നിർമാണം പൂർത്തിയത്. വിവിധ ചലഞ്ചുകൾ നടത്തിയാണ് പ്രവർത്തകൾ വീട് നിർമ്മിക്കാനുള്ള പണം കണ്ടെത്തിയത്. ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും ചേര്‍ന്നാണ് ആവശ്യമായ ഫർണീച്ചറുകൾ വാങ്ങി നൽകിയത് . ഈ ഓണക്കാലത്ത് ദീർഘകാല സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ദേവപ്രിയയും കുടുംബവും.