പാലക്കാട്: മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരന് പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ ഉണ്ടെന്ന് എ.കെ. ബാലൻ. അവഗണന ഉണ്ടെന്ന് സുധാകരൻ പറഞ്ഞതിൽ പാർട്ടി പരിശോധന നടത്തണമെന്നും ബാലൻ പറഞ്ഞു. ജി. സുധാകരന് മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം അത് പുറത്തു പറയരുതെന്നും എ.കെ. ബാലൻ പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുകയായിരുന്നു എ.കെ. ബാലൻ.
ജി. സുധാകരനിൽ കാലം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം എ.കെ. ബാലൻ ഫേസ്ബുക്കിൽ കുറിച്ചത്. ജി. സുധാകരൻ സഹോദരനെ പോലെ കാണുന്ന വ്യക്തിയാണെന്ന് എ.കെ. ബാലൻ പറഞ്ഞു. താൻ പാർട്ടിയിൽ അവഗണിക്കപ്പെടുന്നുണ്ടെന്ന തോന്നൽ അദ്ദേഹത്തിനുണ്ട്. മാനസിക വിഷമമുണ്ടെങ്കിൽ പാർട്ടിക്ക് പ്രതിസന്ധിയുണ്ടാകും വിധം പുറത്തു പറയരുത്. അവഗണന ഉണ്ടാകുന്നു എന്ന് തോന്നുമ്പോൾ അത്തരം വികാരങ്ങളുണ്ടാകും. അത് അതു പോലെ പുറത്തു വരരുതെന്നും എ.കെ. ബാലൻ പറഞ്ഞു.
"പണ്ട് എനിക്കും അതു പോലൊരു സ്വഭാവം ഉണ്ടായിരുന്നു. പ്രായം അത്തരം ചാപല്യങ്ങളെ ഇല്ലാതാക്കി. എസ്എഫ്ഐ ആയിരിക്കുമ്പോൾ ഉള്ള സ്വഭാവത്തിൽ ജി. സുധാകരന് പക്ഷെ മാറ്റമില്ല. പാർട്ടിയുടെ അന്തസിനു കളങ്കം വരുന്ന നിലയിൽ പരാമർശങ്ങൾ നടത്താൻ പാടില്ല," എ.കെ. ബാലൻ പറഞ്ഞു.
അതേസമയം എ.കെ. ബാലന് മറുപടിയുമായി ജി. സുധാകരൻ രംഗത്തെത്തി. ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നായിരുന്നു സുധാകരൻ്റെ പ്രസ്താവന. ബാലൻ പൊളിറ്റിക്കൽ ക്രിമിനലിസത്തെ കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും മാറുന്നെങ്കിൽ മാറിക്കോട്ടെ എന്നും ജി. സുധാകരൻ പറഞ്ഞു.