തിരുവനന്തപുരം: ഇടഞ്ഞ് നിൽക്കുന്ന ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സിപിഐഎം. കൂടിക്കാഴ്ച്ചയ്ക്കായി എംഎൽഎ കടകംപള്ളി സുരേന്ദ്രൻ പ്രേംകുമാറിൻ്റെ കഴക്കൂട്ടത്തെ വീട്ടിലെത്തി. എന്നാൽ സന്ദർശന സമയം പ്രേംകുമാർ വീട്ടിലുണ്ടായിരുന്നില്ല. കൂടിക്കാഴ്ച നടത്താൻ കഴിയാതെ കടകംപള്ളി മടങ്ങി. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ നീരസം പരസ്യമാക്കിയ പ്രേംകുമാറിനെ കോൺഗ്രസിൽ എത്തിക്കാൻ നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിപിഐഎമ്മിൻ്റെ നിർണായക നീക്കം.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് മാന്യതയോടെയല്ല എന്നായിരുന്നു പ്രേംകുമാറിൻ്റെ തുറന്നുപറച്ചിൽ. ആശാസമരം പരിഹരിക്കുന്നതിൽ ഇടപെടണം എന്ന് പറഞ്ഞതോടെയാണ് തന്നെ മാറ്റിയത്. എന്നാൽ സിപിഐഎമ്മിനെതിരെയും സർക്കാരിനെതിരെയും സംസാരിച്ച സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുകയാണ്. ഇത് ഇരട്ട നീതിയാണെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. അതൃപ്തി പരസ്യമാക്കിയതോടെയാണ് പ്രേംകുമാറിനെ പാർട്ടിയിൽ എത്തിക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നത്.
നീരസം പരസ്യമാക്കിയതിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറിനെ ഫോണിൽ വിളിച്ച് കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രേംകുമാറുമായി ഇന്നലെ സംസാരിച്ചിരുന്നു. പിന്നാലെയാണ് കെ.സി. വേണുഗോപാലിൻ്റെ ഇടപെടൽ. എന്നാൽ കോൺഗ്രസിലേക്ക് ക്ഷണിച്ച് ആരും തന്നെ വിളിച്ചിരുന്നില്ലെന്നും കെ.സി. വേണുഗോപാലുമായി സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും പ്രേംകുമാർ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലേക്ക് പോകുമോ എന്ന ചോദ്യത്തിന് കാര്യങ്ങൾ മുൻകൂട്ടി തീരുമാനിക്കുന്ന ആളല്ല താൻ എന്നായിരുന്നു പ്രേംകുമാറിൻ്റെ മറുപടി.