കണ്ണൂർ: പാലത്തായി പോക്സോ കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളിൽ വിശദീകരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രൻ. പാലത്തായി പീഡനക്കേസിൽ മുസ്ലിം ലീഗിനെയും എസ്‌ഡിപിഐയേയും ജമാഅത്തെ കൂട്ടുകെട്ടിനേയും രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ച് വർഗീയ പരാമർശം നടത്തിയെന്ന മട്ടിൽ ഉണ്ടാക്കിയ ക്യാപ്‌സൂൾ മുസ്ലിം ലീഗുകാർ സമൂഹത്തിൽ വ്യാപകമായി പ്രചരിപ്പിച്ച് കൊണ്ട് ഇരിക്കുകയാണ്. ഇത് കുറേ കാലമായിട്ട് ചെയ്ത് കൊണ്ടിരിക്കുന്ന ഏർപ്പാടാണെന്ന് എന്ന് ഹരീന്ദ്രൻ പറഞ്ഞു.
"എസ്‌ഡിപിഐ ജമാഅത്തെ ഉൾപ്പെടെയുള്ള വർഗീയ സംഘടനകളെ എതിർത്താൽ അത് മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നു എന്ന തരത്തിൽ വ്യാഖ്യാനിച്ച് കൊണ്ടുള്ള ഏർപ്പാട് മതിയാക്കണമെന്നും ഹരീന്ദ്രൻ ചൂണ്ടിക്കാട്ടി. പാലത്തായി കേസിൽ പത്മരാജൻ എന്ന പ്രതി ഇന്ന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് പ്രകടമായിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും പാലത്തായി കേസ് ഇന്ന് എവിടെയും എത്തിയിട്ടുണ്ടാകില്ല"; ഹരീന്ദ്രൻ വ്യക്തമാക്കി.
"ഏത് ഉസ്താദ് പീഡിപ്പിച്ച കേസാണ് ഇത്ര വിവാദമായിട്ടുള്ളത്. നിങ്ങളുടെ പ്രശ്നം പീഡിപ്പിക്കപ്പെട്ടു എന്നതല്ല, മറിച്ച് ഹിന്ദു പീഡിപ്പിച്ചു എന്നുള്ളതാണ്. പീഡിപ്പിക്കപ്പെട്ടത് ഒരു മുസ്ലിം പെൺകുട്ടി ആണ് എന്നുള്ളതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്‌ഡിപിഐക്കാരൻ്റെ ചിന്ത, ലീഗിൻ്റെ ചിന്ത, അത് വർഗീയതയാണ്"; എന്നായിരുന്നു പി. ഹരീന്ദ്രൻ പറഞ്ഞത്.
പി. ഹരീന്ദ്രനെ വർഗീയ വാദിയാക്കാൻ ശ്രമിക്കരുതെന്ന് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് പറഞ്ഞു. മുസ്ലിം ലീഗ്- എസ്ഡിപിഐ വത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകായണ്. ഹരീന്ദ്രൻ വർഗീയ പരാമർശം നടത്തുന്ന ആളാണെന്ന് കരുതുന്നില്ലെന്നും രാഗേഷ് വ്യക്തമാക്കിയിരുന്നു. ഹരീന്ദ്രൻ്റെ പ്രസ്താവനയ്‌ക്കെതിരെ സ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി രംഗത്തെത്തിയിരുന്നു. ഹരീന്ദ്രൻ്റേത് വർഗീയ പ്രസ്താവനയാണ് എന്നും മതം നോക്കി ലീഗ് സമീപനമെടുത്തിട്ടില്ലെന്നും അബ്ദുൽ കരീം ചേലേരി പറഞ്ഞു.