
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിനു പിന്നാലെ പ്രതികരിച്ച് സിപിഐഎം നേതാവ് പി. ജയരാജന്‍. പുതിയ ഡിജിപി റവാഡ ചന്ദ്രശേഖറിന് കൂത്തുപറമ്പ് വെടിവെപ്പുമായുള്ള ബന്ധം സംബന്ധിച്ച് ഉയർന്ന ചർച്ചകളിലാണ് ജയരാജന്റെ പ്രതികരണം. സംഘർഷത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ കൂട്ടത്തിൽ ഒരാള്‍ മാത്രമാണ് റവാഡയെന്ന് ജയരാജന്‍ വ്യക്തമാക്കി.
മന്ത്രി എത്തിയതിനെ തുടർന്നാണ് കൂത്തുപറമ്പില്‍ സംഘർഷം രൂക്ഷമായതെന്ന് പി. ജയരാജന്‍ പറഞ്ഞു. അപ്പോഴാണ് വെടിവെപ്പ് ഉണ്ടായത്. റവാഡ ചന്ദ്രശേഖർ ഒറ്റയ്ക്കല്ല മറ്റ് ഉദ്യോഗസ്ഥർകൂടി ചേർന്നാണ് അന്ന് ലാത്തിച്ചാർജും വെടിവെപ്പും ഉൾപ്പെടുന്ന സംഘർഷം ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേർത്തു.
ചുമതല നൽകാൻ ആരാണ് യോഗ്യൻ എന്ന് മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനിച്ചത്. നയപരമായ കാര്യങ്ങളാണ് പാർട്ടി തീരുമാനിക്കുകയെന്നും മന്ത്രിസഭയാണ് ഈ കാര്യം തീരുമാനിച്ചതെന്നും സിപിഐഎം നേതാവ് പറഞ്ഞു. "യുപിഎസ്‌സി പട്ടികയില്‍ നിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് സർക്കാർ റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. ചുമതല നിർവഹിക്കാന്‍ ആരാണ് യോഗ്യനെന്ന് സർക്കാർ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ തീരുമാനിച്ചിരിക്കുകയാണ്," ജയരാജന്‍ പറഞ്ഞു.
പൊലീസ് മേധാവി നിയമനം രാഷ്ട്രീയമായ നിലപാട് സ്വീകരിക്കേണ്ട പ്രശ്നം അല്ലെന്നും ജയരാജന്‍ വ്യക്തമാക്കി. സർക്കാർ തങ്ങളുടെ മുന്നിൽ വന്ന നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്. ഡിജിപി ചുരുക്കപട്ടികയില്‍ പരിഗണിക്കപ്പെട്ട മൂന്നുപേരിൽ മറ്റൊരാൾ നിധിൻ അഗർവാളാണ്. നിധിൻ അഗാർവാളിനെതിരെയും സിപിഐഎം മുമ്പ് പരാതി നൽകിയിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയത്തിനതീതമായ ഇത്തരം തീരുമാനങ്ങളെ വിവാദമാക്കുക എന്നത് വലതുപക്ഷ മാധ്യമങ്ങളുടെ സ്ഥിരം പരിപാടിയാണെന്നും ജയരാജന്‍ ആരോപിച്ചു.
"പ്രശ്നമില്ലാത്ത ആളെന്ന നിലയ്ക്കല്ല റവാഡയുടെ നിയമനം. നമ്മുടെ സംസ്ഥാനത്തെ ക്രമസമാധാന ചുമതലയടക്കം നിർവഹിക്കുന്ന പൊലീസ് സംവിധാനത്തിന്റെ തലപ്പത്തേക്ക് വരുന്ന ആളുടെ യോഗ്യത കണക്കിലെടുത്താണ് റവാഡ ചന്ദ്രശേഖറിന് പരിഗണന നല്‍കാമെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐയുടെ കൂത്തുപറമ്പ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഇന്നത്തെ സിപിഐഎമ്മിന്റെ ഏരിയാ സെക്രട്ടറി എം. സുകുമാരനെ കസ്റ്റഡിയില്‍ എടുത്ത് മർദിച്ച കേസിലെ പ്രതിയായിരുന്നു നിധിന്‍ അഗർവാള്‍. അന്ന് അത് സംബന്ധിച്ച കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്," ജയരാജന്‍ കൂട്ടിച്ചേർത്തു.
അതേസമയം, ആർഎസ്എസ് പരാമർശത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പേരെടുത്ത് വിമർശനം ഉയർന്നുവെന്ന വാർത്തയില്‍ ജയരാജന്‍ നിലപാട് ആവർത്തിച്ചു. പല വാർത്തകളും വലതുപക്ഷ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. മറ്റ് പാർട്ടിയെ പോലെയല്ല സിപിഐഎം എന്നും പാർട്ടിക്കകത്ത് പറഞ്ഞതെന്തെന്ന് മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നുമായിരുന്നു ജയരാജന്റെ നിലപാട്.