

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനെതിരെ കേസെടുത്തതിനെ പരിഹസിച്ച് സിപിഐഎം നേതാവ് പി രാജീവ്. രാജ്യമാകെ എസ്ഐആർ,ഇവിടെ എഫ്ഐആർ എന്നായിരുന്നു പി. രാജീവിന്റെ പ്രതികരണം. കേസിന് പിന്നിൽ ബിജെപിയുമായുള്ള ഡീൽ ആണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യത്തിലാണ് കോടതി കൈ കടത്തിയത്. രാഹുൽ ഗാന്ധിക്ക് എതിരെ ഇഡി ഒരു റിപ്പോർട്ട് നൽകിയാൽ കോൺഗ്രസ് എഫ്ഐആർ ഇടുമോയെന്നും പി രാജീവ് ചോദിച്ചു.
പ്രാഥമിക പരിശോധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണ്. കോടതി അല്ല തീരുമാനിക്കേണ്ടത് എന്നും പി. രാജീവ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ സ്വാതന്ത്ര്യം ആണ്, അതിലാണ് കോടതി കൈ കടത്തിയത്. ഇതിൽ ഉൾപ്പെടുന്ന കക്ഷികൾക്ക് ഒരു നോട്ടീസ് പോലും നൽകിയില്ല. ഇതിലെ രാഷ്ട്രീയം കോൺഗ്രസ് മനസിലാക്കുന്നില്ല. ബിജെപിക്ക് വിധേയമാകാനാണ് കേരളത്തിലെ കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാജീവ് ആരോപിച്ചു.
സിഎംആര്‍എല്‍-എക്സാലോജിക് കേസിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മാസപ്പടി കേസിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമപ്രകാരമാണ് ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ മകൾ ടി. വീണയാണ് രണ്ടാം പ്രതി.
രണ്ടാമത്തെ ഹവാല പണമിടപാട് കേസിൽ പി.എ. മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി. ഇതേ കേസിൽ ഭാര്യ ടി. വീണ രണ്ടാം പ്രതിയാണ്. പ്രത്യേക സംഘമായിരിക്കും കേസിൽ അന്വേഷണം നടത്തുക. ഇഡി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രാഥിക അന്വേഷണം വേണ്ട, പകരം കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
അതേസമയംവിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങാനിരിക്കെ നിയമ പോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് പിണറായി വിജയനും കുടുംബവും. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിനെതിരെ നാളെ അപ്പീൽ നൽകും. പ്രതിപക്ഷ നേതാവിനൊപ്പം മകൾ വീണ ടി. മരുമകൻ പി.എ. മുഹമ്മദ് റിയാസ് എന്നിവരും സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.