കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടെന്ന വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം നേതാക്കൾ. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ടെന്നാണ് സിപിഐഎം മുതിർന്ന നേതാവ് എ.കെ.ബാലൻ പറഞ്ഞത്. അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ടല്ലോ എന്ന് പി. ജയരാജനും പ്രതികരിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രശസ്ത ജോത്സ്യൻ മാധവ പൊതുവാളിന് ഒപ്പമിരിക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ പ്രചരിച്ചിരുന്നു. പിന്നാലെയാണ് വിവാദമുയർന്നത്. പാർട്ടി നേതാക്കൾ ജോത്സ്യന്‍മാരെ കണ്ടാൽ എന്താണ് കുഴപ്പമെന്നായിരുന്നു എ.കെ.ബാലൻ്റെ ചോദ്യം. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടം പോകുന്നത്. സിപിഐഎം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നത്. പാർട്ടിക്കാർ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരെന്നും ബാലൻ പറഞ്ഞു.
എം.വി. ഗോവിന്ദനും മാധവ പൊതുവാളുമൊന്നിച്ചുള്ള ചിത്രത്തെ ചൊല്ലിയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച. പ്രചരിക്കുന്നത് മാസങ്ങൾ പഴക്കമുള്ള ഫോട്ടായാണെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരിയിലാണ് എം.വി.ഗോവിന്ദൻ മാധവ പൊതുവാളിൻ്റെ വീട്ടിലെത്തിയത്. കമ്യൂണിസ്റ്റുകാർക്ക് ജോത്സ്യന്‍മാരുമായി എന്തുബന്ധം എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിലെ പരിഹാസവും വിമർശനവും. കണ്ണൂരിൽ നിന്നുള്ള ഒരു പ്രമുഖ നേതാവ് വിഷയം പാർട്ടി സംസ്ഥാന സമിതിയിൽ ഉന്നയിച്ചുവെന്നും വാർത്തകളുണ്ടായിരുന്നു. എന്ത് രാഷ്ട്രീയ ബോധ്യത്തിലാണ് സിപിഐഎം നേതാക്കൾ ജോതിഷികളെ സന്ദർശിക്കുന്നത് എന്ന് വിമർശനം ഉയർത്തിയാണ് വിഷയം ഉന്നയിച്ചതെന്നും വാർത്ത പരന്നിരുന്നു.