കാസർഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി ചിത്രം തെളിയുമ്പോൾ ജില്ലയിലെ സിപിഐഎം നേതൃത്വം ആശങ്കയിലാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അടിസ്ഥാനമാക്കിയുള്ള വോട്ട് പരിശോധനയിൽ രണ്ടു മണ്ഡലങ്ങൾ ഇടതുപക്ഷത്തിന് നഷ്ടമായേക്കും. ഉദുമയിൽ ആയിരം വോട്ടിന് യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ തൃക്കരിപ്പൂരിൽ ഇടതിന്റെ ലീഡർ നാമമാത്രമാണ്.
മഞ്ചേശ്വരം, കാസർഗോഡ് ഒഴികെയുള്ള മൂന്ന് മണ്ഡലങ്ങളിലും 2021ൽ വലിയ ഭൂരിപക്ഷത്തോടെയാണ് എൽഡിഎഫ് സ്ഥാനാർഥികൾ ജയിച്ചു കയറിയത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഉദുമ മണ്ഡലമായിരുന്നു. പെരിയ ഇരട്ടക്കൊലപാതകം ഉൾപ്പെടെ ചർച്ചയായിട്ടും ഇടതുപക്ഷത്തിന് വലിയ ഭൂരിപക്ഷത്തോടെ ജയിക്കാൻ സാധിച്ച മണ്ഡലം. 23000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് സി എച്ച് കുഞ്ഞമ്പു ജയിച്ചു കയറിയത്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം കണക്കുകൂട്ടിയാൽ മണ്ഡലത്തിൽ 1010 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർഥി ജയിക്കും.
സിപിഐയുടെ മണ്ഡലമായ കാഞ്ഞങ്ങാട് ഇടതുകോട്ടയായി നിലനിൽക്കുമെങ്കിലും തൃക്കരിപ്പൂരിൽ എത്തുമ്പോൾ കാര്യങ്ങൾ മാറും. കഴിഞ്ഞതവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയെക്കാൾ 26,000 ത്തിലേറെ വോട്ടുകൾ നേടിയാണ് സിപിഐഎം ജില്ലാ സെക്രട്ടറി കൂടിയായ എം രാജഗോപാലൻ വിജയിച്ചത്. എന്നാൽ ഇത്തവണ കേരള കോൺഗ്രസിൽ നിന്നു കോൺഗ്രസ് സീറ്റ് തിരിച്ചു വാങ്ങി മികച്ച സ്ഥാനാർഥിയെ മത്സരിപ്പിച്ചാൽ മണ്ഡലം മാറിമറിയും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 6010 വോട്ടിൻ്റെ ഭൂരിപക്ഷം മാത്രമാണ് മണ്ഡലത്തിൽ സിപിഐഎമ്മിനുള്ളത്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ തമ്മിൽ വലിയ വ്യത്യാസമുണ്ടെങ്കിലും വോട്ട് വിഹിതം കണക്കുകൂട്ടിയാൽ സ്ഥിതിഗതികൾ മാറിമറിഞ്ഞേക്കാം. കേരള കോൺഗ്രസ് ആർജെഡി തുടങ്ങിയ ഘടകകക്ഷികൾ മലക്കംമറിഞ്ഞാൽ അതും ഇടതിന് തിരിച്ചടിയാകും. അതിനാൽ അടുത്ത മൂന്നു മാസം സിപിഐഎമ്മിനെ സംബന്ധിച്ച് അടിത്തറ ശക്തിപ്പെടുത്താനുള്ള സമയമാണ്.