"മരണവ്യാപാരികളുടെ ആഭാസനൃത്തം"; ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം മുഖപത്രം
കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യ വകുപ്പിനെതിരായ പ്രതിഷേധത്തിൽ വിമർശനവുമായി സിപിഐഎം മുഖപത്രം. കോട്ടയം മെഡിക്കൽ കോളേജിലേത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് ദേശാഭിമാനിയിൽ കുറിച്ചിരിക്കുന്നത്. മരണത്തെ മാധ്യമങ്ങൾ പെരുപ്പിച്ചു കാണിക്കുകയാണെന്നും ലേഖനത്തിൽ പറയുന്നു. ആരോഗ്യമേഖല വെന്റിലേറ്ററിൽ ആണെന്ന് വരുത്തിതീർക്കാനുള്ള പ്രചാരണമെന്നും വിമർശനമുണ്ട്.
'മരണവ്യാപാരികളുടെ ആഭാസനൃത്തം' എന്ന തലക്കെട്ടോടെയാണ് ദേശാഭിമാനിയിൽ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രതിഷേധങ്ങൾക്ക് പിന്നിൽ ഒമ്പത് വർഷം മുമ്പ് അധികാരം നഷ്ടപ്പെട്ട അധികാര ദുർമോഹികളുടെ ഗൂഢ ശ്രമങ്ങളാണെന്ന വിമർശനവുമുണ്ട്. ബിന്ദുവിൻ്റെ മരണത്തിൽ മാധ്യമങ്ങൾക്ക് നേരെയും സിപിഐഎം മുഖപത്രം വിമർശനമുന്നയിക്കുന്നുണ്ട്.
"കോട്ടയം സംഭവത്തിൽ മാധ്യമങ്ങളും പ്രതിപക്ഷ വും എന്തെല്ലാം നെറികെട്ട ആക്ഷേപങ്ങളാണ് നിരത്തുന്നത്. രക്ഷാപ്രവർത്തനം വൈകി, അവശിഷ്ടങ്ങൾക്കിടയിൽ ആരുമില്ലെന്ന് മന്ത്രിമാർ പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെ ഒരു ഉത്തരവാദിത്വവുമില്ലാതെ എറിഞ്ഞുകൊടുക്കുന്ന വാർത്തകൾ ഏറ്റെടുത്ത്, സമരം നടത്താനും വഴി സ്തംഭിപ്പിക്കാനും ആംബുലൻസ് തടയാനും കോൺഗ്രസിൻ്റെ മുൻമന്ത്രിയും എംഎൽഎമാരുമടക്കം രംഗത്തുവന്നു," ലേഖനത്തിൽ പറയുന്നു. മരണ വ്യാപാരികളുടെ ആഭാസ നൃത്തം കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുമെന്നും ലേഖനത്തിൽ കുറിച്ചിട്ടുണ്ട്.
അതേസമയം കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. കുടുംബത്തിന് കൈമാറാനുള്ള ധനസഹായം സംബന്ധിച്ച റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർ ഇന്ന് കൈമാറും. കളക്ടർ നൽകുന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം നിശ്ചയിക്കുക. ജൂലൈ 11ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ധനസഹായ പ്രഖ്യാപനം ഉണ്ടാകുമെന്ന് മന്ത്രി വി. എൻ. വാസവൻ അറിയിച്ചിരുന്നു.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടമരണത്തിൽ സർക്കാറിനും ആരോഗ്യ വകുപ്പ് മന്ത്രിക്കും എതിരായ പ്രതിഷേധം ഏറ്റെടുത്തിരിക്കുകയാണ് പ്രതിപക്ഷം. ആരോഗ്യ മന്ത്രി രാജിവെക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യുഡിഎഫ് . കേരളത്തിൽ സർക്കാരില്ലായ്മയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ കുറ്റപ്പെടുത്തി . ബിന്ദുവിന്റെ മരണത്തിൽ കടുത്ത ആരോപണവുമായി ബിജെപിയും രംഗത്തെത്തി.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത് മുതൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി,സർക്കാറിനെതിരെ പ്രതിപക്ഷത്തിന്റെ പ്രധാന രാഷ്ട്രീയ ആയുധമായിരുന്നു . ആരോഗ്യ വകുപ്പിനെതിരെ തുടർച്ചയായി ഉയർന്നിരുന്ന പരാതികളും ആരോപണങ്ങളും യു ഡി എഫ് നേതാക്കൾ അതിശക്തമായി നിയമസഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചു . ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ തുറന്നുപറച്ചിലിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിലുണ്ടായ അപകട മരണം ഉയർത്തി സർക്കാറിനെയും ആരോഗ്യ വകുപ്പിനെയും കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം . ആരോഗ്യ രംഗത്തെ വെന്റിലേറ്ററിലാക്കിയ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാണ് ആവശ്യം.