തിരുവനന്തപുരം: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം തള്ളി സിപിഐഎം. മമ്മൂട്ടിയെ ആക്രമിക്കാൻ സിപിഐഎമ്മിന് ഒരു താൽപ്പര്യവും ഇല്ലെന്നും, സൈബർ ആക്രമണം നടത്താൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി. മമ്മൂട്ടിയെ പോലെ ഒരാൾ നടത്തുന്ന വിമർശനങ്ങളെ ക്രിയാത്മകമായാണ് കാണുന്നത്. എതിരഭിപ്രായമുള്ളവരോടും നല്ല രീതിയിൽ സംവദിക്കുക എന്നതാണ് പാർട്ടി ലൈനെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതാണ് സൈബർ ആക്രമണത്തിന് തുടക്കമിട്ടത്. മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അതിന് പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നുമായിരുന്നു പി. ജയരാജൻ ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. മമ്മൂട്ടി നാടിൻ്റെ സ്വത്താണെന്നും അദ്ദേഹവുമായി സൗഹൃദം പങ്കുവെക്കുന്നതിൽ രാഷ്ട്രീയം കാണേണ്ട എന്നും പി. ജയരാജൻ എഫ്ബി പോസ്റ്റിൽ പറഞ്ഞു.
സിപിഐഎം വയനാട് ജില്ല സെക്രട്ടറിയുമായി ബന്ധപ്പെട്ട വിഷയത്തിന്മേലാണ് ഈ അഭിപ്രായങ്ങൾ എന്നാണെങ്കിൽ പ്രസ്തുത വിഷയം നേരത്തെ തന്നെ പരിഹരിച്ചതാണെന്ന് ആയിരുന്നു എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിൻ്റെ പ്രതികരണം. മമ്മൂട്ടിയെ പോലൊരു കലാകാരൻ എസ്എഫ്ഐ ഭാരവാഹികളെ കാണണം എന്ന് അറിയിച്ച്, ഞങ്ങളെ ക്ഷണിച്ചത് രാജ്യത്തും, കേരളത്തിലും എസ്എഫ്ഐ നടത്തുന്ന ഇടപെടലുകൾക്ക് കിട്ടിയ അംഗീകാരത്തിൻ്റെ ഭാഗമായാണ്. രാഷ്ട്രീയ നിലപാടെന്നും മമ്മൂട്ടിയെ ഏതെങ്കിലും രാഷ്ട്രീയ കക്ഷിയുടെ ഭാഗമായി പരിമിതപ്പെടുത്തുന്നത് തന്നെ ശരിയുമല്ലെന്നും സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.