
പാലക്കാട്: പി.കെ. ശശിക്കെതിരെ മണ്ണാര്‍ക്കാട് സിപിഐഎം പ്രകടനം. മണ്ണാര്‍ക്കാട് നഗരത്തില്‍ നടത്തിയ പ്രകടനത്തില്‍ സിപിഐഎം ഏരിയ സെക്രട്ടറി നാരായണന്‍ കുട്ടി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് സിപിഐഎം ഓഫീസിലേക്ക് പടക്കമെറിഞ്ഞതില്‍ പ്രതിഷേധിച്ചാണ് പ്രകടനം.
മണ്ണാര്‍ക്കാട് സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമെറിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ പുല്ലശേരി സ്വദേശി അഷ്റഫിനെ പി.കെ. ശശി അനുകൂലിയായാണ് പാര്‍ട്ടി നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. കലാപശ്രമം, അനധികൃതമായി സ്ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
സിപിഐഎമ്മില്‍ സംഘര്‍ഷമുണ്ടാക്കാനാണ് പടക്കം എറിഞ്ഞതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. പി.കെ. ശശിയുടെ മുന്‍ ഡ്രൈവറാണ് അഷ്‌റഫ്. മണ്ണാര്‍ക്കാട് സിപിഐഎം പ്രാദേശിക നേതൃത്വവും ശശിയും തമ്മില്‍ വീണ്ടും വാക്‌പോര് ശക്തമായതിനിടയിലാണ് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കം എറിഞ്ഞത്.
'മണ്ണാര്‍ക്കാടിനെ കട്ടുമുടിച്ചവന്‍ മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് ഞങ്ങളുടെ നേരെ പോരിന് വന്നാല്‍ ഓര്‍ത്തു കളിച്ചോ ബിലാലേ' എന്നാണ് പ്രകടനത്തില്‍ ഉയര്‍ന്ന മുന്നറിയിപ്പ്. ബിലാലുമാരുടെ ചെരുപ്പുനക്കികള്‍ സിപിഐഎമ്മിനു നേരെ വന്നാല്‍ തച്ചുതകര്‍ക്കും സൂക്ഷിച്ചോയെന്നും മുദ്രാവാക്യം ഉയര്‍ന്നു.
കഴിഞ്ഞ ദിവസം സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി.കെ. ശശി രംഗത്തെത്തിയതോടെയാണ് പോര് തുടങ്ങിയത്. യുഡിഎഫ് ഭരിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയുടെ ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ശശിയുടെ പരാമര്‍ശങ്ങള്‍.
പ്രകടനത്തില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയും പങ്കെടുത്തു. 'ഞങ്ങള്‍ ആകെ കാരയ്ക്കാമുറി ഷണ്‍മുഖനാണ്, ഞങ്ങളാകെ ബിലാലാണ് എന്നാണ് ചില ഊച്ചാളി ചട്ടമ്പിമാരുടെ വിചാരം. പടക്കം ബഷീര്‍ മാത്രമാണെന്ന് ഇന്നലത്തോടെ മണ്ണാര്‍ക്കാടെ ജനങ്ങള്‍ക്ക് മനസ്സിലായി'എന്നായിരുന്നു ആര്‍ഷോയുടെ പരിഹാസം.
മണ്ണാര്‍ക്കാട് ശശിയും പാര്‍ട്ടിയിലെ ഒരു വിഭാഗവുമായി വലിയ പ്രശ്‌നങ്ങളാണ് കുറേക്കാലങ്ങളായി നിലനില്‍ക്കുന്നത്. പരിപാടിക്ക് എത്തിയ ശശിയെ ആവേശത്തോടെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പിന്നാലെ സിപിഐഎമ്മിന്റെ ഒരു വിഭാഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ശശി ഉന്നയിച്ചു. കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെ ആണെന്നും പറഞ്ഞ് സിപിഐഎം പ്രാദേശിക നേതൃത്വത്തിനെതിരെയായിരുന്നു ശശി പ്രസംഗം നടത്തിയത്.
ഏത് ബിലാല്‍ പറഞ്ഞാലും മണ്ണാര്‍ക്കാട് പഴയ മണ്ണാര്‍ക്കാടല്ലെന്നായിരുന്നു ശശിക്ക് ഡിവൈഎഫ്‌ഐ കഴിഞ്ഞ ദിവസം മറുപടി നല്‍കിയത്. ഇതിനിടയിലാണ് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ പടക്കമേറുണ്ടായത്.