

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരായ നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ആവര്‍ത്തിച്ച് സിപിഐഎം. ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ പ്രതികരിച്ചു. ഭീഷണിപ്പെടുത്തി കരസ്ഥമാക്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതെന്നും ജയരാജന്‍ പറഞ്ഞു. അതേസമയം, കേസില്‍ ഇഡിയുടെ വാദം കോടതി ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി. ജയരാജന്റെ പ്രതികരണം.
ഇങ്ങനെ ഒരു ഹര്‍ജി വന്നാൽ ബന്ധപ്പെട്ടവരെ കേൾക്കുക എന്നതാണ് സാമാന്യനീതിയെന്ന് എം.വി. ജയരാജന്‍ പറഞ്ഞു. ഇവിടെ അതുണ്ടായില്ല. കേസ് സിപിഐഎം രാഷ്ട്രീയമായും, നിയമപരമായും നേരിടും. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ഇഡി വ്യാജ മൊഴികളും രേഖകളും ഉണ്ടാക്കിയെന്നത് പുറത്തുവന്ന കാര്യമാണ്. ഭീഷണിപ്പെടുത്തി കരസ്ഥമാക്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതിയിൽ ഇഡി റിപ്പോർട്ട് സമർപ്പിച്ചത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാർ രാഷ്ട്രീയ വേട്ട തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിക്കണമായിരുന്നെന്നും എം.വി. ജയരാജന്‍ പറഞ്ഞു.
ഇഡി വാദം കോടതി ആവര്‍ത്തിക്കുകയായിരുന്നു എന്നാണ് പി. ജയരാജന്റെ പ്രതികരണം. ആരോപണ വിധേയരെ കോടതി കേട്ടില്ല. ഇഡി വ്യാജ രേഖകള്‍ ഉണ്ടാക്കി. കേസ് സിപിഐഎം നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പി. ജയരാജന്‍ പറഞ്ഞു.
അതേസമയം, പിണറായിക്കെതിരെ ഇഡിയും മോഡിയും കെട്ടിച്ചമച്ച കേസ് ആണെന്ന സിപിഐഎം വാദം പൊളിഞ്ഞതായി ഹര്‍ജിക്കാരനായ കെ.എം. ഷാജഹാന്‍ പ്രതികരിച്ചു. ഹൈക്കോടതി വിധിയോടുകൂടി സിപിഐഎമ്മിന്റെയും പോളിറ്റ് ബ്യൂറോയുടെയും വാദം അടപടലം പൊളിഞ്ഞു. റിപ്പോർട്ട് വിശദമായി പരിശോധിച്ചശേഷമാണ് കോടതി കേസെടുക്കാം എന്ന് പറഞ്ഞത്. പിണറായി വിജയൻ അഴിമതി നടത്തിയിരിക്കുന്നു എന്ന് ഹൈക്കോടതിക്ക് അർദ്ധശങ്കയ്‌ക്കിടയില്ലാത്ത വിധം ബോധ്യമായി. പാർട്ടിയെ തകർക്കുന്ന ഏകാധിപതിയെ മാറ്റിനിർത്താൻ സിപിഐഎം തയ്യാറാകണമെന്നും ഷാജഹാന്‍ പ്രതികരിച്ചു.