തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ മതനിരപേക്ഷ കേരളം അനുവദിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കോൺഗ്രസ്-ബിജെപി ഡീലിൻ്റെ ഭാഗമാണ് പദ്ധതി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അധികാരത്തിൽ വന്നാൽ പദ്ധതി നടപ്പിലാക്കില്ലെന്ന് പറഞ്ഞവരാണ് ഇന്ന് ഭരിക്കുന്നത്. ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണ് സംസ്ഥാന സർക്കാരെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.
പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയിൽ പ്രതിപക്ഷത്തിരിക്കെ ഉന്നയിച്ച വാദങ്ങളിൽ നിന്നും മലക്കംമറിഞ്ഞാണ് വി.ഡി. സതീശൻ്റെ പ്രതികരണം. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ വർഗീയ അജണ്ട നടപ്പാക്കില്ലെന്നും കേന്ദ്ര ഫണ്ട് വാങ്ങിച്ചെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സർക്കാർ ഒപ്പിട്ട് പണം വാങ്ങിയതിനാൽ പദ്ധതി തുടരാൻ കേരളം നിർബന്ധിതരാണ്. പാഠ്യപദ്ധതിയും സ്കൂളുകളും സംസ്ഥാനം തീരുമാനിക്കും. കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള പണം കിട്ടണമെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട തുകയാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. അത് കേന്ദ്രത്തിൻ്റെ ഔദാര്യമല്ല. സംസ്ഥാനത്തിൻ്റെ അവകാശമാണ് എന്നും വി.ഡി. സതീശൻ വ്യക്തമാക്കി. പിഎം ശ്രീയിൽ ഒപ്പുവയ്ക്കില്ലെന്നാണ് കഴിഞ്ഞ സർക്കാർ പറഞ്ഞത്. പക്ഷേ ആരെയും അറിയിക്കാതെ ഒപ്പ് വച്ചു. എന്നിട്ടും ഇടത് മന്ത്രിമാർ അതിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. പദ്ധതിയിൽ നിന്നും പിന്മാറാൻ വേണ്ടി ഇടതുസർക്കാർ കത്തയച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.