തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാം ദാസ് അത്തേവാലെ നടത്തിയ പരാമർശത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത്തേവാലയുടെ പ്രസ്താവന ജനാധിപത്യമൂല്യങ്ങൾക്കും ഫെഡറൽ സംവിധാനത്തിനും എതിരാണ്. അത്തേവാലക്ക് കേരള രാഷ്ട്രീയത്തെ കുറിച്ച് ധാരണ ഇല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്തായിരുന്നു കേന്ദ്ര മന്ത്രി രാം ദാസ് അത്തേവാലയുടെ പ്രസ്താവന. എൻഡിഎയിൽ ചേർന്നാൽ കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷെ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.
അതേ സമയം ജമാ അത്തെ ഇസ്ലാമി സെക്രട്ടറി ഷേഖ് മുഹമ്മദ് കാരക്കുന്നിൻ്റെ പ്രസ്താവനയിൽ അത്ഭുതമില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. കാക്കയുടെ നിറം കറുപ്പാണെന്നത് പോലെ ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മതരാഷ്ട്രവാദമാണ്. പ്രസ്താവനയിൽ ഇനി വി.ഡി. സതീശൻ ആണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. സജി ചെറിയാൻ പ്രസ്താവന തിരുത്തിയതിൽ തെറ്റ് പറ്റിയോ എന്ന് സജി ചെറിയാനോട് തന്നെ ചോദിക്കണം എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.