മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ് ന്യൂനപക്ഷ വേട്ട മാത്രമല്ല, നവ ഫാസിസ്റ്റ് രീതി: എം.വി. ​ഗോവിന്ദൻ

കന്യാസ്ത്രീകൾക്ക് പ്രവർത്തനം നടത്താൻ കഴിയാത്ത നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു
എം.വി. ഗോവിന്ദൻ
എം.വി. ഗോവിന്ദൻSource: News Malayalam 24x7
Published on

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നു. കന്യാസ്ത്രീകൾക്ക് പ്രവർത്തനം നടത്താൻ കഴിയാത്ത നിലപാടാണ് സംഘപരിവാർ സ്വീകരിക്കുന്നതെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബജ്റംഗ് ദളും സംഘപരിവാറും ഭരണം കയ്യിലെടുക്കുന്നു. ഭരണഘടനാപരമായ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നാണ് അവരുടെ നിലപാട്. ക്രൈസ്തവ ന്യൂനപക്ഷ കടന്നാക്രമണം എന്ന രീതിയിൽ മാത്രമല്ല ഇതിനെ കാണേണ്ടത്. നവ ഫാസിസ്റ്റ് രീതിയാണ്. കന്യാസ്ത്രീ വേട്ടയിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും എം.വി. ​ഗോവിന്ദൻ പറഞ്ഞു. അതേസമയം, ആലപ്പുഴയിലെ ക്യാപിറ്റൽ പണിഷ്മെൻ്റ് വിവാദത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചില്ല. അത് വിട്ട കാര്യമാണെന്ന് മാത്രമായിരുന്നു മറുപടി.

എം.വി. ഗോവിന്ദൻ
മുഖപത്രമെഴുതി അരമനയില്‍ ഇരുന്ന് പ്രാര്‍ഥിച്ചാല്‍ പരിഹാരമാവുമോ? ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിഷപ്പുമാര്‍ക്കെതിരെ ശിവന്‍കുട്ടി

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചാണ് ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫീസുകളിലേക്കും ജോലിക്കായി ദുര്‍ഗില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനെത്തിയതായിരുന്നു ഇവർ. പെണ്‍കുട്ടികളുടെ കൈവശം പ്ലാറ്റ്‌ഫോം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത് ചോദ്യം ചെയ്ത റെയില്‍വേ പൊലീസ് പിന്നീട് ചില തീവ്രഹിന്ദു സംഘടനകളില്‍പ്പെട്ടവരെ വിളിച്ചുവരുത്തുകയായിരുന്നു. ഇവര്‍ സ്റ്റേഷനില്‍ പ്രതിഷേധിക്കുകയും കന്യാസ്ത്രീകളെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ആയിരുന്നു.

ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകാനായില്ല. ഗുരുതര വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. നിർബന്ധിത മത പരിവർത്തന നിരോധന നിയമം സെക്ഷൻ 4 BNS 143 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. കന്യാസ്ത്രീകൾ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റിയെന്നും മനുഷ്യ കടത്ത് നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com