
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഐഐമ്മിന് രാഷ്ട്രീയമായി മത്സരിച്ച് ജയിക്കാൻ കഴിയുന്ന മണ്ഡലങ്ങളുടെ കൂട്ടത്തിലല്ല നിലമ്പൂരെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന് കഴിഞ്ഞ തവണത്തെ വോട്ട് നിലനിർത്താനായില്ല. 1,470 വോട്ട് കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞെന്നും ഗോവിന്ദന്‍ പ്രതികരിച്ചു.
നിലമ്പൂരിൽ ബിജെപി വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ആ വോട്ടുകൾ ആണ് യുഡിഎഫിന് ലഭിച്ചത്. വർഗീയ ശക്തികളുടെ പിൻബലത്തിലാണ് മണ്ഡലത്തിൽ യുഡിഎഫ് ജയിച്ചത്. ഇത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ യുഡിഎഫ് പൂർണമായും ഉപയോഗിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.
പരാജയത്തെ എല്ലാ വിനയത്തോടും അംഗീകരിക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പരാജയത്തിൽ നിന്നും പാഠങ്ങൾ പഠിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. ഇടതുപക്ഷ വിരുദ്ധരായ എല്ലാവരെയും ചേർത്താണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി.വി. അൻവർ എൽഡിഎഫിന്റെ വോട്ടും പിടിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂരിൽ കണ്ട അൻവർ ഘടകം ഒരു പാഠമാണ്. രാഷ്ട്രീയത്തിൽ ഓരോ ആളുകളെ പൊക്കിപ്പിടിക്കുമ്പോഴും അവർ ആരാണെന്ന് തിരിച്ചറിയണം. ഇത്തരം പ്രതിഭാസങ്ങളെ ഏറ്റെടുക്കുമ്പോൾ അവർ പിന്നീട് എന്തൊക്കെയാകുമെന്ന ജാഗ്രത ഉണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കണം. ഇപ്പോഴത്തെ പ്രാഥമിക കണക്ക് വെച്ച് മാത്രം ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. ഈ സർക്കാർ ഭരണവിരുദ്ധ വികാരത്തിൻ്റെ ആഘാതം ഏൽക്കേണ്ടവരല്ല. ജനങ്ങൾക്കുള്ള മതിപ്പ് വോട്ടായി മാറാത്തതിൽ പറ്റിയ വീഴ്ച പഠിക്കുമെനന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.