തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തെപ്പറ്റി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും കമ്മിറ്റിയും വിശദമായി പരിശോധിച്ചു. അപ്രതീക്ഷിത പരാജയത്തിൽ വിശദ പരിശോധന നടത്തുകയായിരുന്നു അജണ്ട. ജയിക്കുമെന്ന അമിത ആത്മവിശ്വാസം ഇടതുപക്ഷത്തിന് ഉണ്ടായി. നഗര മേഖലകളിലെ സംഘടന ദൗർബല്യവും തിരിച്ചടിക്ക് കാരണമായി. ശബരിമല വിഷയത്തിൽ എൽഡിഎഫിനെതിരം യുഡിഎഫും ബിജെപിയും ശക്തമായ പ്രചാരണ വേല നടത്തിയെന്നും എന്നാൽ പ്രതിപക്ഷ പ്രചാരണം വിജയിച്ചില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റം സൃഷ്ടിക്കാൻ കഴിയണമെന്നാണ് തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
"ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് ശതമാനം തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായി. 17,35,175 വോട്ടിൻ്റെ വർധനയാണ് ലഭിച്ചത്. 60 നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ഭൂരിപക്ഷം ഉണ്ട്. നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ പുറകിൽ പോയ നിരവധി മണ്ഡലങ്ങളുമുണ്ട്. പ്രാദേശിക പ്രശ്നങ്ങളും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും കാരണമാണ് ഇവിടങ്ങളിൽ പിന്നിൽ പോയത്. സർക്കാരിൻ്റെ എന്തെങ്കിലും കാര്യങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിന് നേരിടാൻ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. യുഡിഎഫിനും ബിജെപിയ്ക്കും വോട്ട് കുറഞ്ഞു. സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നത്" എം.വി. ഗോവിന്ദൻ.
കള്ള പ്രചാരങ്ങളുടെ പരമ്പരയാണ് യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പിൽ അഴിച്ചുവിട്ടത്. വർഗീയ പ്രചാരണങ്ങളും കള്ളക്കഥകളും പ്രചരിപ്പിച്ചു. വിശ്വാസികളെ കബളിപ്പിച്ച് വോട്ടാക്കി മാറ്റാൻ ഇരുവരും ശ്രമിച്ചു. യുഡിഎഫ് ഘടകകക്ഷികൾ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്നുള്ള പ്രചാരണത്തിന് ഒത്താശയും ചെയ്തു. എൽഡിഎഫും യുഡിഎഫുമായി മത്സരം നടന്നയിടത്ത് ബിജെപി വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. എൽഡിഎഫും ബിജെപിയും തമ്മിൽ മത്സരം നടന്നയിടത്ത് യുഡിഎഫ് വോട്ടുകൾ ബിജെപിക്ക് ലഭിച്ചു. കേരളത്തിലുടനീളം ഇത്തരത്തിൽ വോട്ട് കൈമാറ്റം നടത്തിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും ശക്തമായ പ്രചാരണ വേല നടത്തി. ഇത് ഉപയോഗിച്ച് വോട്ട് നേടാൻ ശ്രമിച്ചു. എന്നാൽ ആ പരിശ്രമം ഉദ്ദേശിച്ച പോലെ വിജയിച്ചില്ല. പന്തളത്ത് ബിജെപിയിൽ നിന്ന് ഭരണം എൽഡിഎഫ് നേടി. കാശുകൊടുത്ത് വോട്ട് വാങ്ങുന്നത് കേരളത്തിലെ പുതിയ രീതിയാണ്. ഈ തെരഞ്ഞെടുപ്പിലും അത് ഉണ്ടായെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പണക്കൊഴുപ്പിലാണ് ബിജെപി കൂടുതൽ വാർഡുകളിൽ മത്സരിച്ചത്. എന്നാൽ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഉണ്ടായത് നേരിയ വോട്ട് വർധന മാത്രം. ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് വോട്ട് കുറഞ്ഞു. കഴിഞ്ഞ തവണ ജയിച്ച മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും അവർക്ക് നഷ്ടമായി. മറ്റത്തൂരിൽ മുഴുവൻ കോൺഗ്രസ് അംഗങ്ങളും ബിജെപിയിലേക്ക് ചേക്കേറി. ബിജെപി ആകാൻ യാതൊരു പ്രയാസവുമില്ല എന്നാണ് അവിടെ കണ്ടത്. ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ പൂർണ പിന്തുണയോടെയാണ് കൂറുമാറ്റമെന്നും വി.ഡി. സതീശൻ അടക്കം കൂറുമാറ്റത്തെ ന്യായീകരിച്ചുവെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.