തൃശൂർ: കുന്നംകുളം പൊലീസ് മർദനത്തെ ന്യായീകരിച്ച് സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. പൊലീസിനെ തല്ലിയത് ഉൾപ്പെടെ 11 കേസുകളിൽ കോൺഗ്രസ് നേതാവ് സുജിത് പ്രതിയാണെന്നും പൊലീസുകാർ പിന്നെ ബിരിയാണി വാങ്ങി കൊടുക്കുമോ എന്നും അബ്ദുൽ ഖാദറിന്റെ ചോദ്യം. സുജിത്തിനെ പറ്റി മാധ്യമങ്ങൾ സംസാരിക്കുന്നത് വീര പുരുഷന്റെ അവതാര കഥകൾ പറയും പോലെയെന്ന് അബ്ദുൾ ഖാദർ പറഞ്ഞു. സുജിത്തിന്റെ വിവാഹം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെയും അബ്ദുൽ ഖാദർ വിമർശിച്ചു.
കസ്റ്റഡി മര്‍ദനത്തില്‍ കുറ്റാരോപിതരായ നാല് ഉദ്യോഗസ്ഥര്‍ക്കും നേരത്തെ സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. ഉത്തര മേഖലാ ഐജിയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ നേരത്തെ എടുത്ത നടപടി പുനഃപരിശോധിക്കാനും ഉത്തരവില്‍ പറഞ്ഞിരുന്നു. വിയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ നൂഹ്‌മാന്‍, മണ്ണൂത്തി സിപിഒ സന്ദീപ് എസ്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ ശശിധരന്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സിപിഒ സജീവന്‍ കെ.ജെ. എന്നിവര്‍ക്കെതിരെയാണ് നടപടി.
അതേസമയം, പൊലീസുകാരുടെ സസ്പൈൻഷനിൽ സന്തുഷ്ഠനല്ല, അവരെ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് വി.എസ്. സുജിത്ത് പ്രതികരിച്ചിരുന്നു. ഈ പൊലീസുകാർക്ക് ആർക്കും സർക്കാർ സർവീസിൽ തുടരാൻ യോഗ്യതയില്ലെന്നും സുജിത്ത് പറഞ്ഞു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരുമെന്നും സുജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ പിന്തുണയ്ക്കും സുജിത്ത് നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസം സുജിത്തിൻ്റെ വിവാഹവും നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.