തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റത് എങ്ങനെയെന്ന് ആഴത്തിൽ വിലയിരുത്താൻ സിപിഐഎം. ഏരിയാതലത്തിൽ വിശദമായ പരിശോധന നടത്തി 22 ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി ജില്ലാ സെൻററുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രാമ നഗര വ്യത്യാസമില്ലാതെ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടിയുടെ കാരണം തിരയുകയാണ് സിപിഐഎം. എന്തുകൊണ്ട് പാർട്ടി തോറ്റു എന്നത് വിലയിരുത്തുന്നതിനാണ് 22 ചോദ്യങ്ങൾ സംസ്ഥാന നേതൃത്വം കീഴ് ഘടകങ്ങൾക്ക് നൽകിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിന് ഓരോ ഏരിയയിലും എന്തൊക്കെ തയ്യാറെടുപ്പുകൾ നടത്തി?, വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുന്ന പ്രവർത്തനം കാര്യക്ഷമം ആയിരുന്നോ?, പാർട്ടിക്കും മുന്നണിക്കും ലഭിക്കുമെന്ന് കരുതിയ വോട്ടുകൾ എത്ര എണ്ണം ചെയ്യാതെ പോയി ? എത്ര വാർഡുകളിൽ നവമാധ്യമഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നവമാധ്യമങ്ങൾ വഴി നടത്തിയ പ്രവർത്തനങ്ങൾ എന്തൊക്കെ? പ്രത്യേക പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എത്ര ദേശാഭിമാനി പത്രം ചേർത്തു? എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ താഴെത്തട്ടിൽ പാർട്ടി നേരിട്ട പോരായ്മകൾ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.
2020ലെയും ഇത്തവണത്തെയും തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും താരതമ്യം ചെയ്യാനും നിർദ്ദേശമുണ്ട്. യുഡിഎഫിന്റെ പ്രവർത്തനം വിലയിരുത്താനും ബിജെപിയുടെ നില എന്താണെന്ന് വ്യക്തമാക്കാനും റിവ്യൂ റിപ്പോർട്ട് നിർദ്ദേശിക്കുന്നു. എസ്ഡിപിഐ വെൽഫെയർ പാർട്ടി എന്നീ വർഗീയ സംഘടനകളുടെ പ്രവർത്തനം പരിശോധിക്കാനും നിർദ്ദേശമുണ്ട്. ഓരോ ഏരിയയിലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച പ്രധാനപ്പെട്ട ഘടകങ്ങൾ, എന്തായിരുന്നു സിപിഐഎമ്മിന്റെ ദൗർബല്യം, ക്ഷേമ പെൻഷൻ വർദ്ധനവ് അടക്കമുള്ള പ്രഖ്യാപനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ പാർട്ടി ഘടകങ്ങൾ എന്തു ചെയ്തു തുടങ്ങിയ ചോദ്യങ്ങളും റിവ്യു റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.
വോട്ടിംഗ് രംഗത്തെ പ്രവണത, തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ യുവജനങ്ങളുടെ പങ്കാളിത്തം . സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകളും പോരായ്മയും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടികൾ വേണ്ടി വന്നതിന്റെ വിശദാംശങ്ങൾ എന്നിവയും പരിശോധിക്കണം. 22 ചോദ്യങ്ങൾക്കുമുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി ഏരിയ കമ്മിറ്റികൾ പാർട്ടി ജില്ലാ സെന്ററിൽ എത്തിക്കണം. ജില്ലാ സെൻററുകൾ ആയിരിക്കും റിവ്യൂ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുക. 22 വ്യത്യസ്തമായ ചോദ്യങ്ങളിലൂടെ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ ഇഴകീറി പരിശോധിക്കാനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. എന്തുകൊണ്ട് തോറ്റു എന്ന് അറിയുന്നതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിൽ ജാഗ്രത പാലിക്കാനുള്ള മുന്നൊരുക്കം കൂടിയാണ് ഈ റിവ്യൂ റിപ്പോർട്ട്.