
നിലമ്പൂരിൽ ജനകീയ ഡോക്ടർ ഷിനാസ് ബാബുവിനെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി സിപിഐഎം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിക്കുന്നതാണ് ഉചിതമെന്ന ചർച്ചയെ തുടർന്നാണ് ഷിനാസ് ബാബുവിനെ കൂടി പരിഗണിക്കുന്നത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാകും സിപിഐഎം അന്തിമ തീരുമാനമെടുക്കുക.
കഴിഞ്ഞ ദിവസമാണ് സിപിഐഎം നേതൃത്വം മത്സരിക്കുന്ന കാര്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനോട്, അഭിപ്രായം തേടിയത്. ജനകീയ ഡോക്ടറും, മണ്ഡലത്തിൽ സ്വാധീനവുമുള്ള ഷിനാസ് ബാബുവിനെ സ്ഥാനാർഥിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പി.വി. അൻവർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ, സ്വതന്ത്ര സ്ഥാനാർഥിയായി ഷിനാസ് ബാബുവിനെ നിർത്തിയാലുണ്ടാകുന്ന അനുകൂല സാഹചര്യങ്ങൾ എന്തൊക്കെയാെണെണെന്ന് നാളെത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കുക.
ഇതിനുപുറമെ ജില്ലാ പഞ്ചായത്ത് അംഗമായ ഷെറോണ റോയിയുടെ പേരും സാധ്യത പട്ടികയിലുണ്ട്. സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് യു. ഷറഫലി, ഡിവൈഎഫ്ഐ ജില്ലാ നേതാവ് പി. ഷബീർ, മുൻപ് മത്സരിച്ച തോമസ് മാത്യു തുടങ്ങിയ പേരുകളും പ്രാദേശിക നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്. വ്യവസായി കാരാടൻ സുലൈമാൻ, പി.വി. അബ്ദുൾ വഹാബിൻ്റെ സഹോദരൻ പി.വി. മുബാറക് തുടങ്ങിയ പേരുകളും ഒരു ഘട്ടത്തിൽ ഉയർന്നിരുന്നു. എന്നാൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ എം. സ്വരാജിനെ സ്ഥാനാർഥിയാക്കണമെന്നും പ്രാദേശിക നേതൃത്വത്തിന് താൽപര്യമുണ്ട്.