

സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതിയാക്കി എഫ്ഐആർ ഇട്ടു. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. ന്യൂസ് മലയാളമാണ് പിഎസ്‌സി പരീക്ഷാ തട്ടിപ്പ് ക്രമക്കേട് വാർത്ത പുറംലോകത്തെ അറിയിച്ചത്.
പിഎസ്‌സി നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികകളിലേക്കുള്ള പരീക്ഷകളില്‍ അട്ടിമറി നടന്നതെന്ന് വാർത്ത ജൂൺ 27നാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്. 2023 ജൂലൈ 13-നായിരുന്നു സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്കുള്ള പൊതു പരീക്ഷ നടന്നത്. ഈ പരീക്ഷയിലാണ് ഉദ്യോഗാർഥികളെ മുഴുവൻ അമ്പരിപ്പിച്ച ക്രമക്കേട് നടന്നത്. ന്യൂസ് മലയാളം വാർത്ത പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ പിഎസ്‌സി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ തട്ടിപ്പിന്റെ ഗൗരവം തിരിച്ചറിഞ്ഞ സർക്കാർ പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
100 മാർക്കിന്റെ പൊതുപരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പുറത്തിറക്കി നിയമനം നൽകിയതെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു. ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനം വഴി മൂല്യനിര്‍ണയം നടത്തിയ 228 ഉത്തരക്കടലാസുകളിൽ അട്ടിമറിയും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും വെളിവായി. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഐ.ജി അജിതാബീഗം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
പിഎസ്‌സി ഉദ്യോഗസ്ഥരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഏതോക്കെ തസ്തികകളിലുള്ള ഏതെല്ലാം ഉദ്യോഗസ്ഥരാണ് പ്രതികൾ എന്ന് എഫ്ഐആറിൽ പ്രത്യേകം പറഞ്ഞിട്ടില്ല. കൂടുതൽ അന്വേഷണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പേരെടുത്തു പറഞ്ഞ് കേസിലെ പ്രതികളാക്കും. ഉദ്യോഗാർഥികളുടെ ഭാവി വെച്ച് പന്താടിയ ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയ കേന്ദ്രങ്ങളിലേക്കും അന്വേഷണം നീണ്ടേക്കും. ഇതിന് പുറമെ, പിന്നാക്ക വിഭാഗം വികസന കോർപ്പറേഷനിലെ ചില തസ്തികകളിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷകളും നിയമനങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.