മലപ്പുറം: പഞ്ചായത്ത് പദ്ധതികളുടെ ലാഭം വാഗ്‌ദാനം ചെയ്ത് മലപ്പുറത്ത് ലീഗ് ജില്ലാ പഞ്ചായത്ത് അംഗം കോടികൾ തട്ടിയ കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. മക്കരപറമ്പ് ഡിവിഷൻ മുസ്ലീം ലീഗ് അംഗം ടി.പി. ഹാരിസ് ഉൾപ്പെട്ട കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. കേസിൽ ടി. പി. ഹാരിസ് ഒന്നാംപ്രതിയും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു രണ്ടാം പ്രതിയുമാണ്.
മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി അലവിക്കാണ് അന്വേഷണ ചുമതല. ടി. പി. ഹാരിസ് ഇടനിലക്കാരനായി 200ലധികം പേരിൽ നിന്ന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് 25 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. 200ൽ അധികം ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.