എറണാകുളം: തൂഫാനുമായി ബന്ധപ്പെട്ട് കേരളാ പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇറക്കിയ വീഡിയോക്കെതിരെ വിമര്‍ശനം. ഒത്തുതീര്‍പ്പിൻ്റെ കാലം കഴിഞ്ഞെന്നുള്ള വീഡിയോയിലെ പരാമര്‍ശത്തിനെതിരെയാണ് വിമർശനം. ലഹരി മാഫിയയുമായി മുന്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്നാണ് ധ്വനിയെന്നാണ് വിമർശനം. "ഒത്തുതീര്‍പ്പിന്‍റെ കാലം കഴിഞ്ഞു ഇനി തൂഫാൻ വീശുന്ന കാലം" എന്നാണ് വീഡിയോയിലുള്ളത്.
"കാസർഗോഡ് മേലാപ്പറമ്പിൽ മിഠായി ഫാക്ടറിയുടെ മറവിൽ ലഹരി നിർമ്മാണ യൂണിറ്റ് ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട് കണ്ടെത്തി. കർണാടക അതിർത്തി കടന്നുവരുന്ന "കൂൾ" എന്ന നിരോധിത ലഹരി ഉൽപ്പന്നം മിഠായിയുടെ പാക്കേജിൽ വിതരണത്തിന് തയ്യാറാക്കുന്ന കേന്ദ്രമാണ് റെയ്ഡ് ചെയ്തത്. കുട്ടികളെ വിട്ടു തരില്ല ലഹരി മാഫിയയ്ക്ക് എന്നത് കേരള പോലീസിന്റെ വാക്കാണ്. ജാഗ്രത"-എന്നാണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഡ്രൈവായ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ച മാത്രം 120 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ 131 പേര്‍ അറസ്റ്റിലായി.
ഓപ്പറേഷന്‍ ഭാഗമായി ഇതുവരെ 3910 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 4201 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്തത് 1932 ഗ്രാം എംഡിഎംഎയും 339 കിലോ കഞ്ചാവുമാണെന്ന് പൊലീസ് അറിയിച്ചിരുന്നു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.