പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എതിരെ രൂക്ഷ വിമർശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംരക്ഷിച്ചത് പാർട്ടിയെയല്ല ഭാര്യയെ മാത്രമാണെന്നും യോഗത്തിൽ വിമർശനം. പിണറായിയെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം റദ്ദാക്കണമെന്ന് യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്കും സി.എസ്. സുജാതയും പങ്കെടുത്ത യോഗത്തിലാണ് വിമർശനം ഉയർന്നത്.
കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന കമ്മിറ്റിയിലാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. സെക്രട്ടറിയേറ്ററിലും പിണറായിയുടെ പേര് തന്നെയാണ് ഉയർന്ന് വന്നത്. പിണറായി വിജയനെ ഏകകണ്ഠമായാണ് തെരഞ്ഞടുത്തതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞിരുന്നു. പിണറായി വിജയൻ, എ. വിജയരാഘവൻ, എം.എ. ബേബി തുടങ്ങിയ പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്ള യോഗത്തിലാണ് തീരുമാനം കൈകൊണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.