കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. പ്രതി സനൂപ് ആശുപത്രിയിലേക്ക് എത്തുന്നതിന്റെയും ആക്രമണത്തിൻ്റെയും സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഡോക്ടറുടെ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മക്കളുമൊത്താണ് സനൂപ് ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിലേക്ക് എത്തുമ്പോൾ സനൂപിൻ്റെ കൂടെ രണ്ട് മക്കളെയും കാണാം. ഇവരെ സൂപ്രണ്ടിന്റെ റൂമിന് പുറത്ത് നിർത്തിയാണ് സനൂപ് ഡോക്ടറെ ആക്രമിക്കാൻ പോയത്. ദൃശ്യങ്ങളിൽ സനൂപ് ഡോക്ടറുടെ മുറിയിലേക്ക് കയറി പോകുന്നതായും പിന്നാലെ പരിക്കേറ്റ ഡോക്ടർ പുറത്തുവരുന്നതായും കാണാം. ആശുപത്രി ജീവനക്കാരെത്തിയാണ് സനൂപിനെ തടഞ്ഞത്.
വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന ഡോക്ടറുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകൾ മരിക്കാൻ കാരണം എന്ന് ആരോപിച്ചായിരുന്നു പ്രതി സനൂപ് ഡോക്ടറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്14 നായിരുന്നു സനൂപിൻ്റെ ഒൻപത് വയസുകാരിയായ മകൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.
ആശുപത്രിക്ക് സംഭവിച്ച പിഴവാണ് മകൾ മരിക്കാൻ കാരണം എന്ന് മരിച്ച കുട്ടിയുടെ അമ്മയും ആരോപിച്ചു. എന്നാൽ ആശുപത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ്റെ മറുവാദം. ഇതിനുപിന്നാലെ കെജിഎംഒഎ, ഐഎംഎ, കെജിഎൻഎ, എൻജിഒ, യൂണിയൻ അടക്കമുള്ള സംഘടനകളുടെ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പേടിയോടെയാണ് ജോലി ചെയ്യുന്നതെന്നും ആരോഗ്യ പ്രവർത്തകർക്ക് കൃത്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.