

തിരുവനന്തപുരം: ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നതിൻ്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്നെ സംസ്ഥാന നേതാവ് ലോൺ അടച്ചു തീർത്തതിൻ്റെ വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
രണ്ട് തവണയായി എടുത്ത 38 ലക്ഷം രൂപയുടെ ലോൺ ഒറ്റത്തവണയായി അടച്ചുതീർത്തുവെന്നാണ് വിവരം. വർഷങ്ങളായി മുടങ്ങിക്കിടന്ന ബാധ്യതയാണ് നേതാവ് ഒറ്റദിവസം കൊണ്ട് അടച്ച് തീർത്തത്. ഇക്കാര്യം വെളിപ്പെടുത്തി കൊണ്ട് ബിജെപി പ്രവർത്തകൻ കേന്ദ്ര നേതൃത്വത്തിന് അയച്ച കത്തിനെ തുടർന്നായിരുന്നു പാർട്ടിയുടെ ആഭ്യന്തര അന്വേഷണവും ഓഡിറ്റും നടന്നത്.
നിയമസഭാ തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന ബിജെപിയ്ക്ക് കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ വൻ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്രചാരണം വരെയുളള കാര്യങ്ങളിൽ ക്രമക്കേട് നടത്തി നേതാക്കൾ കോടികൾ തട്ടിയെടുത്തതായാണ് ബിജെപി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ ഓഡിറ്റിങ് സംഘം കണ്ടെത്തിയത്.
കൊടിയും, ചിഹ്നവും കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയിട്ടും അതിൻ്റെ പേരിൽ തട്ടിപ്പ് നടത്തി. തിരുവനന്തപുരത്തെ മറ്റൊരു നേതാവ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ലക്ഷപ്രഭുവായി. സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയുടെ വായ്പ തിരിച്ചടച്ചു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാൾ 17 ലക്ഷം രൂപയുടെ കാർ ഇഎംഐ ഇല്ലാതെ റൊക്കം കാശിന് സ്വന്തമാക്കി. ഇതിനൊല്ലം പുറത്തുവന്നതോടെയാണ് കേന്ദ്രനേതൃത്വം കർശന നടപടിയെടുത്തത്.