

കൊച്ചി: മോഡലിങ്ങിൻ്റെ മറവിലെ മനുഷ്യക്കടത്ത് കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുവതികളെ ദുബായിലേക്ക് എത്തിക്കുന്നതും റാക്കറ്റ് നിയന്ത്രിക്കുന്നതും ബിലാലാണെന്ന് പൊലീസ് കണ്ടെത്തി. ബിലാൽ ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് മുഖ്യപ്രതി സിന്ധുവുമായി ഇയാൾ പരിചയത്തിലാകുന്നത്.
സെക്സ് റാക്കറ്റിൻ്റെ പ്രവർത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി. പിന്നീട് നിരവധി യുവതികളെയാണ് ഇയാളും സിന്ധുവും ചേർന്ന് ദുബായിൽ എത്തിച്ചത്. 14 വർഷമായി ദുബായിൽ ഇവൻ്റ് മാനേജ്മെൻ്റ് പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും സിന്ധു മൊഴി നൽകിയിട്ടുണ്ട്.
വർഷത്തിൽ മൂന്നു പരിപാടി വരെ സംഘടിപ്പിക്കും. സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചാണ് ഷോകൾ നടത്തിയിരുന്നത്. ഈ ഷോയിൽ പങ്കെടുത്ത താരങ്ങളുടെ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം. അതിനിടെ സിന്ധുവിൻ്റെ മകളുടെ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി കടലാസ് കമ്പനിയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘമുള്ളത്.
ഈ കമ്പനിയുടെ മറവിലായിരുന്നു ദുബായിലേക്ക് യുവതികളെ എത്തിച്ചിരുന്നത്. ഇതിൻ്റെ പ്രവർത്തനങ്ങൾ പൊലീസ് പരിശോധിച്ചു വരുകയാണ്. ഗുണ്ടാ നേതാവ് ഔറംഗസേബിനെയും ചോദ്യം ചെയ്യും. സിന്ധു ഔറംഗസേബിൻ്റെ അക്കൗണ്ടിലേക്ക് പണം അയച്ചതിൻ്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിൻ്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവായിരുന്നു. ഇത് പരാതിക്കാരിയുടെ ഭർത്താവിൻ്റെ ഫോണിലേക്ക് അയച്ച് നൽകുകയായിരുന്നു. കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ച ശേഷമാണ് പരാതിക്കാരിയെ പീഡനത്തിന് ഇരയാക്കിയത്.
മോഡലിങ്ങിൻ്റെ മറവിൽ നടന്ന സെക്സ് റാക്കറ്റിൻ്റെ മാസ്റ്റർ ബ്രെയിൻ സിന്ധുവാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ അലീന സിന്ധുവിൻ്റെ ഏജൻ്റാണ്. തിരുവനന്തപുരം സ്വദേശി അലീനയെയും പൊന്നാനി സ്വദേശി മഞ്ജിമയേയും കോടതി റിമാൻഡ് ചെയ്തിരുന്നു. വിസിറ്റിങ് വിസയിലാണ് ഇവർ ഇരകളെ ദുബായിൽ എത്തിച്ചിരുന്നത്. 57 ദിവസത്തിന് ശേഷം തിരികെ നാട്ടിലേക്ക് കയറ്റിവിടും.