എറണാകുളം: കുസാറ്റ് വൈസ് ചാൻസലർ ഡോ എം ജുനൈദ് ബുഷ്റിയെ കുസാറ്റിൽ 2006 ൽ റീഡർ തസ്തികയിൽ നിയമിച്ചത് യോഗ്യതകൾ ഇല്ലാതെയാണെന്ന് തെളിയിക്കുന്ന രേഖകൾ ന്യൂസ് മലയാളത്തിന്. കുസാറ്റിൽ ഒഴിവ് വന്ന റീഡർ തസ്തികയിൽ അധ്യാപന പരിചയമില്ലാത്ത ജുനൈദ് ബുഷ്റിയെ നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്നും രേഖകൾ വ്യക്തമാക്കുന്നു. വെറും ടെക്നിക്കൽ ഓഫീസറായ ജുനൈദ് ബുഷ്റിയെ 2006 ൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റാണ് റീഡറായി നിയമനം നൽകിയത്.
5-10-2005 ലാണ് കുസാറ്റിലെ ഒഴിവുകളുള്ള റീഡർ തസ്തികകളിൽ യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷൻ ഇറക്കുന്നത്. യോഗ്യതകൾ എന്തെല്ലാമാണെന്ന് കൃത്യമായി നോട്ടിഫിക്കേഷനിൽ പറഞ്ഞിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് നിലവിലെ കുസാറ്റ് വിസി കൂടിയായ ജുനൈദ് ബുഷ്റിയെ അന്ന് റീഡർ തസ്തികയിലേക്ക് നിയമിച്ചത്.
കുസാറ്റിലെ റീഡർ തസ്തികയിൽ പ്രവേശിക്കുന്നതിനു മുൻപ് കേരള യൂണിവേഴ്സിറ്റിയിലെ ടെക്നിക്കൽ ഓഫീസർ ആയിരുന്നു ജുനൈദ് ബുഷ്റി. ടെക്നിക്കൽ ഓഫീസർ എന്ന യോഗ്യതയിലാണ് റീഡർ തസ്തികയിലേക്ക് മാനദണ്ഡങ്ങൾ മറികടന്ന് ബുഷ്റിയെ നിയമിക്കുന്നത്. ഇത് സ്ഥിരീകരിക്കുന്ന വിവരാവകാശ രേഖയാണ് ന്യൂസ് മലയാളം പുറത്തുവിട്ടത്.
2000 ലെ യുജിസി റെഗുലേഷൻ അനുസരിച്ച് റീഡർ തസ്തികയിലേക്ക് നിയമനം ലഭിക്കണമെങ്കിൽ താഴെപ്പറയുന്ന യോഗ്യതകൾ വേണം
1.പിഎച്ച്ഡി/പിഎച്ച്ഡിക്ക് തത്തുല്യമായ ശാസ്ത്ര പ്രസിദ്ധീകരണം
2.അഞ്ച് വർഷത്തെ ലക്ചറർ ആയി പ്രവർത്തിച്ച പരിചയം/അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽ 5 വർഷം സയന്റിസ്റ്റായി പ്രവർത്തിച്ച പരിചയം
ഈ രണ്ട് യോഗ്യതയും ജുനൈദ് ബുഷ്റിക്ക് ഇല്ല എന്ന് വിവരാകാശ രേഖയിൽ നിന്ന് വ്യക്തമാണ്.റീഡർ തസ്തികയിൽ ജുനൈദ് ബുഷ്റി പ്രവേശിക്കുന്ന ഘട്ടത്തിൽ കുസാറ്റിൽ സമർപ്പിച്ച റിലീവിംഗ് ലെറ്ററിലും ടെക്നിക്കൽ ഓഫീസർ ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്
ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് 5-10-2005 ൽ യൂണിവേഴ്സിറ്റി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.കേരള സർവകലാശാലയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിൽ പ്രവർത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുഡിഎഫിന് ആധിപത്യമുള്ള സിൻഡിക്കേറ്റ് ആയിരുന്നു അന്ന് ഈ നിയമനം നടത്തിയത്. 2010 ൽ അസോസിയേറ്റ് പ്രൊഫസറായ ബുഷ്റി 2013 ൽ പ്രൊഫസറായി. 2024 സെപ്റ്റംബറിൽ ബുഷ്റിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുസാറ്റിലെ വിസി ഇൻചാർജ് ആയി നിയമിച്ചു. വിസി നിയമനത്തിൽ സർക്കാറും ഗവർണറും പോരാട്ടം തുടരുന്നതിനിടയിൽ സുപ്രധാനമായ വാർത്തയാണ് ന്യൂസ് മലയാളം പുറത്തുവിടുന്നത്.